പൂന: കോവിഡ് വാക്സിൻ അനുമതിക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ നൽകി. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് കന്പനി ഞായറാഴ്ച അപേക്ഷ സമർപ്പിച്ചു.
അപേക്ഷ സമർപ്പിച്ച ആദ്യ ഇന്ത്യൻ കന്പനിയാണിത്. നാലുകോടി ഡോസ് വാക്സിൻ തയാറാണെന്നും ഡിസംബർ മാസത്തോടെ പത്തു കോടി ഡോസുകൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്ര സെനക്കയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് എന്ന കോവിഡ് പ്രതിരോധ വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നൽകുന്നതു സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ രാജ്യത്തു പുരോഗമിച്ചു വരികയാണ്.
ഇന്ത്യയിൽ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ആഗോള മരുന്നു നിർമാണ കന്പനിയായ ഫൈസർ രംഗത്തെത്തിയതിനു പിന്നാലെയാണു സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടപടി.
ബഹ്റൈനിലും യുകെയിലും വാക്സിൻ ഉപയോഗത്തിന് ഫൈസറിന്റെ മാതൃ കന്പനി അംഗീകാരം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് അവർ ഇന്ത്യയിലും അനുമതി തേടിയത്.
അഞ്ച് കോവിഡ് പ്രതിരോധ വാക്സിനുകളാണ് ഇന്ത്യയിൽ അവസാന പരീക്ഷണ ഘട്ടത്തിലുള്ളത്. മറ്റൊരു കന്പനിയായ നോവവാക്സ് നിർമിച്ച വാക്സിന്റെ ഉൽപാദനം ഉടൻ ആരംഭിക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.