സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിനു സംസ്ഥാനം പൂർണ സജ്ജം. സംസ്ഥാനത്തെ കോവിഡ് വാക്സിൻ കുത്തിവയ്പിനുള്ള ഡ്രൈ റണ് (മോക് ഡ്രിൽ) വിജയകരമായി ഇന്നലെ പൂർത്തിയാക്കി.
നാലു ജില്ലകളിലാണ് ഇന്നലെ ഡ്രൈ റണ് നടന്നത്. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ് നടന്നത്.
രാവിലെ ഒൻപതു മുതൽ 11 വരെയായിരുന്നു ഡ്രൈ റണ്. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുത്തത്. വാക്സിൻ രജിസ്ട്രേഷൻ മുതൽ ഒബ്സർവേഷൻ വരെ കോവിഡ് വാക്സിനേഷൻ നൽകുന്ന നടപടിക്രമങ്ങൾ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ് നടത്തിയത്.
എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിലയിരുത്തി. കോവിഡ് വാസ്കിനേഷനുള്ള 14 ലക്ഷം ഓട്ടോ ഡിസേബിൾ ഡിസ്പോസബിൾ സിറിഞ്ചുകൾ ഇന്നലെ സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വളരെവേഗം കോവിഡ് വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എന്നാൽ, എന്ന് എത്തുമെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. കോവിഷീൽഡ് വാക്സിൻ താരതമ്യേന സുരക്ഷിതമെന്നാണ് വിദഗ്ധർ പറയുന്നത്.
അതുകൊണ്ടുതന്നെ വാക്സിൻ എടുക്കുന്നതിന് ആർക്കും ആശങ്ക വേണ്ട. കേന്ദ്രസർക്കാരിന്റെ മാർഗ നിർദേശമനുസരിച്ച് മുൻഗണനാ ഗ്രൂപ്പിനെ തീരുമാനിച്ചിട്ടുണ്ട്. ആ ലിസ്റ്റിലുള്ളവർക്കാണ് വാക്സിൻ ആദ്യം നൽകുക.
പിന്നീട് വാക്സിൻ കിട്ടുന്ന അളവിൽ മറ്റുള്ളവർക്കും നൽകും. വാക്സിൻ കിട്ടി കഴിഞ്ഞാൽ അതിന്റെ സംഭരണം, വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും കുറ്റമറ്റ രീതിയിൽ തയാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യഘട്ടം കുത്തിവയ്പ് 3 കോടി പേർക്ക്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് വാക്സിൻ സൗജന്യ വിതരണത്തിന്റെ ആദ്യഘട്ടത്തിൽ മൂന്നു കോടി മുൻനിര പ്രവർത്തകരെ ഉൾപ്പെടുത്തുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ.
ഒരു കോടി ആരോഗ്യ പ്രവർത്തകർക്കും രണ്ടു കോടി മുൻനിര പ്രവർത്തകർക്കുമായിരിക്കുമത്. തുടർന്ന് മുൻഗണനാ വിഭാഗത്തിൽപെട്ട 27 കോടിപേർക്ക് വാക്സിൻ വിതരണം ചെയ്യുന്ന നടപടികൾ ആരംഭിക്കും. ഇതെങ്ങനെ വേണമെന്നു പിന്നീടു തീരുമാനിക്കുമെന്നു മന്ത്രി ട്വീറ്റ് ചെയ്തു.
ഡൽഹിയിൽ വാക്സിന്റെ ഡ്രൈ റണ് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിന് എതിരായ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനേകയും ചേർന്നു വികസിപ്പിച്ച വാക്സിനാണ് ഇന്ത്യയിൽ അനുമതിക്കു ശുപാർശയായിട്ടുള്ളത്.
അതിനിടെ, യുകെയിൽ നിന്നെത്തുവർക്ക് 14 ദിവസത്തെ ക്വാറന്റൈനും ആർടിപിസിആർ ടെസ്റ്റും നിർബന്ധമാക്കി. നെഗറ്റീവ് ടെസ്റ്റ് റിസൽട്ടുമായി വരുന്നവർക്കും 14 ദിവസം ക്വാറന്റൈൻ നിർബന്ധമാണ്.
യുകെയിൽ കണ്ടെത്തിയ അതിവേഗ കോവിഡ് വൈറസ് പോസിറ്റീവായി കണ്ടെത്തുന്നവരെ ഐസൊലേഷൻ സംവിധാനത്തിലേക്ക് മാറ്റണമെന്നും മന്ത്രി നിർദേശിച്ചു.
കോവാക്സിനും ശിപാർശ
ന്യൂഡൽഹി: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിന് പുറമേ ഭാരത് ബയോടെക്കിന്റെ കോവാക്സിനും അടിയന്തര ഉപയോഗത്തിനു വിദഗ്ധ സമിതി ശിപാർശ. രണ്ട് വാക്സിനുകളുടെയും കാര്യത്തിൽ വിദഗ്ധ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വൈകാതെ തീരുമാനം അറിയിക്കും.
അംഗീകാരം ലഭിച്ചാൽ പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിനാകും കോവാക്സിൻ.
കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ പ്രസന്റേഷൻ വെള്ളിയാഴ്ച വിദഗ്ധ സമിതിക്കു മുന്പാകെ നടത്തിയിരുന്നു. വിശദീകരണങ്ങൾ നൽകുന്നതിനു സമയം തേടിയതിനാൽ ഫൈസർ വാക്സിന് അംഗീകാരം നൽകുന്നതു വൈകുമെന്നാണു സൂചന.
വിദഗ്ധ സമിതി വാക്സിൻ ഉപയോഗത്തിന് അംഗീകാരം നൽകിയാൽ ഡിസിജിഐ അന്തിമ അനുമതി നൽകുകയും സർക്കാർ വാക്സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും.
ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ചുമായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേർന്നാണ് ഭാരത് ബയോടെക് കോവാക്സിൻ നിർമിച്ചത്. അടിയന്തര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകണമെന്ന് കാട്ടി ഡിസംബർ ഏഴിനു തന്നെ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ഇവരുടെ ക്ലിനിക്കൽ പരീക്ഷണം ഉൾപ്പെടെ വിവരങ്ങൾ പരിശോധിച്ച ശേഷം ശിപാർശ ചെയ്യുകയായിരുന്നു.