വൈപ്പിൻ: തസ്നി ടീച്ചർക്ക് രതീഷ് മാഷ് , ഹരിമാഷിനു മുഹമ്മദ് ബഷീർ, അയൂബ് മാഷിനു നീനാ സണ്ണി, ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുളള അധ്യാപകർക്കും മറ്റ് സർക്കാർ ജീവനക്കാർക്കും കോവിഡ് വാക്സീൻ എടുക്കാനുള്ള സമയവും സ്ഥലവും അറിയിച്ചുകൊണ്ട് മൊബൈലിൽ ആളുമാറി വന്ന എസ്എംഎസ് സന്ദേശങ്ങളാണിവ.
മെസേജ് ലഭിച്ചയാളും മെസേജിൽ പറയുന്നയാളും തമ്മിൽ പരസ്പരം അറിയുന്നവർ പോലുമല്ല. ഇതു കണ്ട് പല അധ്യാപകരും ജീവനക്കാരും ആദ്യം സംശയത്തോടെ നെറ്റി ചുളിച്ചെങ്കിലും പിന്നീട് അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും സാമൂഹ്യ മാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ പലരും ഇതു സംബന്ധിച്ച് പോസ്റ്റിട്ടതോടെ സംഭവം എന്താണെന്ന് വ്യക്തമായത്.
കഴിഞ്ഞ രണ്ട് ദിവസമായി ജീവനക്കാരുടെ മൊബൈലുകളിൽ എത്തിക്കൊണ്ടിരിക്കുന്ന ഇത്തരം തെറ്റായ സന്ദേശങ്ങൾ സംബന്ധിച്ച് ചിലർ ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അത് കുഴപ്പമില്ല നിങ്ങൾ സ്വന്തം തിരിച്ചറിയിൽ കാർഡുമായി പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് എത്തിയാൽ മതിയെന്നായിരുന്നു മറുപടി.
ഇതു പ്രകാരം ചിലർ പോയി വാക്സീൻ എടുത്തെങ്കിലും ഭൂരിഭാഗം പേരും പോകാൻ സന്നദ്ധരല്ല. പാർശ്വഫലങ്ങൾ എന്തെങ്കിലും ഉണ്ടായാൽ ഡാറ്റകൾ യഥാർഥയാളുടെ പേരിൽ ഫീഡ് ചെയ്യപ്പെടില്ലെന്ന് സംശയം മൂലമാണ് ഇവർ മടികാണിക്കുന്നത്.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശന്പളം നൽകാൻ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിൽ ഫീഡ് ചെയ്തിരിക്കുന്ന ഡാറ്റയിൽനിന്നും മൊബൈൽ നന്പറുകൾ ശേഖരിച്ചാണ് വാക്സിനേഷനുള്ള സന്ദേശങ്ങൾ അയക്കുന്നത്.