കോവിഡ് കാലം കഴിഞ്ഞെങ്കിലും ഭീതി ഇപ്പോഴും ആളുകളിൽ നിന്ന് പൂർണമായിട്ടും വിട്ടുമാറിയിട്ടില്ല. നിലവിൽ മനുഷ്യ ജീവിതത്തെ കോവിഡിന് മുൻപും കോവിഡിന് ശേഷവും എന്ന് വേർതിരിക്കാം. സാമ്പത്തികമായും, ആരോഗ്യപരമായും ആളുകൾക്ക് കാര്യമായ മാറ്റങ്ങൾ തന്നെയാണ് വന്നത്.
കോവിഡ് കത്തി നിൽക്കുന്ന സമയത്ത് വാക്സിന്റെ കണ്ടുപിടിത്തം ആളുകൾക്ക് വലിയ ആശ്വാസമായി. എന്നാൽ എല്ലാവർക്കും അങ്ങനെയല്ലെന്ന് വേണം പറയാൻ. കോവിഡ് വാക്സിൻ എടുത്തതിന് പിന്നാലെ മറ്റ് അസുഖങ്ങൾ മൂർച്ഛിച്ചത് മുതൽ മരണം സംഭവിച്ചവർ വരെയുണ്ട്. എന്നാൽ ഇക്കാര്യവുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ടാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
കോവിഡ് വാക്സിൻ എടുത്തവരിൽ നാഡി- ഹൃദയ-രക്ത സംബന്ധമായ പ്രശ്നങ്ങൾ വർധിക്കുന്നതായി തെളിയിക്കുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഗ്ലോബൽ വാക്സിൻ ഡാറ്റാ നെറ്റ്വർക്കിലെ ഗവേഷകരാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
8 രാജ്യങ്ങളിലെ 99 ദശലക്ഷം ആളുകളെ പഠനവിധേയമാക്കിയതിൽ നിന്നാണ് 13 വ്യത്യസ്ത രോഗാവസ്ഥങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഗ്ലോബൽ വാക്സിൻ ഡാറ്റാ നെറ്റ്വർക്കിലെ ഗവേഷകർ നടത്തിയ പഠന റിപ്പോർട്ട് പ്രസിദ്ധമായ വാക്സിൻ ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിവിധ കോവിഡ് പ്രതിരോധ വാക്സിനുകളെടുത്തവരിലാണ് ഗ്ലോബൽ വാക്സിൻ ഡാറ്റാ നെറ്റ്വർക്ക് പഠനം നടത്തിയത്. പഠനത്തിന്റെ അവസാനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലിലേക്കാണ് ഗവേഷണം വിരൽ ചൂണ്ടിയത്. വാക്സിന് വിധേയരായവരിൽ നാഡി- ഹൃദയ-രക്ത സംബന്ധമായ പ്രശ്നങ്ങൾ വർധിക്കുന്നതായാണ് കണ്ടെത്തൽ.