എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ കോവിഡ് വാക്സിൻ ചലഞ്ച് തരംഗമാകുന്നു. കോവിഡ് വാക്സിൻ സൗജന്യമായി നൽകാനാകില്ലെന്ന കേന്ദ്രനിലപാട് പുറത്തുവന്നതോടെ കോവിഡ് വാക്സിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ് ജനങ്ങൾ.
കേന്ദ്രം സൗജന്യമായി തന്നില്ലെങ്കിലും സംസ്ഥാനത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് കോവിഡ് വാക്സിൻ ചലഞ്ച് സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചത്.
മരുന്ന് കമ്പനികൾ വാക്സിൻ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നതെന്ന് എന്ന് അറിഞ്ഞതോടെ വാക്സിൻ എടുത്തവരിൽ നല്ലൊരു പങ്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 400 രൂപ സംഭാവന ചെയ്തുകൊണ്ടുള്ള ചലഞ്ച് ആരംഭിക്കുകയായിരുന്നു.
ആദ്യ ദിവസം തന്നെ 22 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതിൻപ്രകാരം എത്തിയത്. ചലഞ്ച് ആരംഭിച്ച് രണ്ടു ദിവസം പിന്നിടുമ്പോൾ 50 ലക്ഷം പിന്നിട്ടു. വാക്സിൻ എടുത്തവർ മാത്രമല്ല ഇനി വാക്സിൻ എടുക്കാനുള്ള വരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സംഭാവന ചെയ്തിന്റെ സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മലയാളികളെ ഒന്നിനും തോൽപ്പിക്കാനാകില്ല എന്ന കുറിപ്പോടെയാണ് ആണ് പലരും പണം അടച്ചതിന്റെ സർക്കാരിന്റെ സർട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമാണ്.
കേന്ദ്രസർക്കാരാണ് ഇതുവരെ സംസ്ഥാനത്ത് സൗജന്യമായി വാക്സിൻ നൽകിയിരുന്നത് .എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും സംസ്ഥാന സർക്കാരും തമ്മിലുണ്ടായ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വാക്സിൻ ചലഞ്ച് ആരംഭിച്ചത്.
കേന്ദ്ര വിഹിതത്തിനു കാത്തു നിൽക്കാതെ കേരളം സ്വന്തം നിലയിൽ വാക്സിൻ വാങ്ങണമെന്ന വി. മുരളീധരന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞതോടെയാണ് ഇതിൽ വിവാദവും ചർച്ചകളും ആരംഭിച്ചത്.
വാക്സിൻ സൗജന്യമായി നൽകുമെന്ന് പറഞ്ഞാൽ നൽകുക തന്നെ ചെയ്യുമെന്നും ഓരോ സമയത്തും വാക്കുമാറ്റി പറയുന്നവരല്ല തങ്ങളെന്നും ആയിരുന്നു പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇത് സോഷ്യൽ മീഡിയ വലിയ രീതിയിൽ ഏറ്റെടുക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് വാക്സിന്ചലഞ്ച് ആരംഭിച്ചത്. വാക്സിൻ ആരംഭിച്ചത്. വാക്സിൻ സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാം എന്ന കേന്ദ്ര നിർദ്ദേശം കൂടി പുറത്തുവന്നതോടെ കേരളം സ്വന്തമായി വാക്സിൻ വാങ്ങാൻ ഉള്ള നടപടികളും ആരംഭിച്ചു.
ഇതിനായി ആയി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരടങ്ങുന്ന ഉന്നതതല സമിതിയെ സർക്കാർ വാക്സിൻ കമ്പനികളുമായി ചർച്ചയ്ക്കായി നിയോഗിച്ചു. ഈ സമിതി വാക്സിൻ കമ്പനികളുമായി ചർച്ച നടത്തി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനം വാക്സിൻ വാങ്ങുക.
അതേസമയം സംസ്ഥാനത്ത് കേന്ദ്രത്തിൽ നിന്ന് ആറരരലക്ഷം ഡോസ് വാക്സിൻ എത്തി. ഒരു ലക്ഷം ഡോസ് കോവാക്സിനും അഞ്ചര ലക്ഷം ഡോസ് കോവിഷീൽഡുമാണ്. എല്ലാ ജില്ലകളിലും വാക്സിൻ എത്തുന്നതോടെവാക്സിൻ വിതരണം മുടങ്ങില്ല എന്നാണ് പ്രതീക്ഷിക്കുന്നത് .
സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ വാക്സിൻ വാങ്ങുന്നതോടെ വാക്സിൻ എടുക്കാനുള്ള തിക്കുംതിരക്കും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് .കഴിഞ്ഞദിവസങ്ങളിൽ വാക്സിൻ കേന്ദ്രങ്ങളിൽ പലയിടത്തും വലിയ വലിയ കൂട്ടം തന്നെ ഉണ്ടായിരുന്നു.
പോലീസ് ഇടപെട്ടാണ് വാക്സിൻ എടുക്കാൻ എത്തിയവരെ നിയന്ത്രിച്ചത്.അനിയന്ത്രിതമായ തിരക്കു കാരണം ഓൺലൈൻ രജിസ്റ്റർചെയ്തവർക്ക് മാത്രംവാക്സിൻ എടുത്താൽ മതി എന്ന് തീരുമാനം സർക്കാർ കൈക്കൊണ്ടു. ഇന്നുമുതൽ ഫസ്റ്റ് ഡോസ് ആയാലും സെക്കൻഡ് ഡോസ് ആയാലും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്താലെ വാക്സിൻ ലഭിക്കുകയുള്ളൂ.