കോട്ടയം: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് എടുക്കാൻ സമയമായവർ ഓണ്ലൈനിൽ ബുക്ക് ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ.കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് ആറ് ആഴ്ച്ച മുതൽ എട്ട് ആഴ്ച്ചവരെയുള്ള സമയപരിധിക്കുള്ളിൽ രണ്ടാം ഡോസ് സ്വീകരിച്ചാൽ മതിയാകും.
വാക്സിന്റെ ലഭ്യതക്കുറവുള്ളതിനാൽ ശരാശരി 35 ക്യാന്പുകളിലായി എണ്ണായിരത്തോളം പേർക്കാണ് ഒരു ദിവസം ഇപ്പോൾ കുത്തിവയ്പ്പു നൽകുന്നത്. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുകൂടി പരിഗണിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞു മൂന്നിനാണ് www.cowin.gov.in പോർട്ടലിൽ വാക്സിനേഷൻ ബുക്കിംഗ് ആരംഭിക്കുന്നത്. മൊബൈൽ നന്പർ നൽകി രജിസ്റ്റർ ചെയ്തു പിറ്റേ ദിവസത്തെ ക്യാന്പുകളിൽ ബുക്കിംഗ് നടത്താം.
ഓരോ കേന്ദ്രത്തിലും അനുവദിച്ചിട്ടുള്ള ബുക്കിംഗ് തീരുന്പോൾ ആ കേന്ദ്രം പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടും വിധമാണ് ദേശീയ തലത്തിൽ പോർട്ടൽ സജ്ജീകരിച്ചിരിക്കുന്നത്.
വാക്സിൻ കൂടുതൽ ലഭ്യമാകുന്ന മുറയ്ക്കു മാത്രമേ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും കൂടുതൽ പേർക്ക് വാക്സിൻ നൽകാനും കഴിയൂ. കൂടുതൽ ഡോസ് വാക്സിൻ ലഭ്യമാകുന്നതോടെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർക്കു നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ കൃത്യമായി വാക്സിൻ നൽകാൻ നടപടിയെടുക്കുന്നതാണ്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തുന്ന ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, കൗണ്ടിംഗ് ഏജന്റുമാർ, മാധ്യമ പ്രവർത്തകർ എന്നിവർ രണ്ടു ഡോസ് വാക്സിൻ എടുക്കുകയോ വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുൻപ് 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണമെന്ന് സർക്കാർ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്.
ഈ വിഭാഗങ്ങളിൽപ്പെട്ടവർക്ക് വരും ദിവസങ്ങളിൽ വാക്സിൻ നൽകുന്നതിനുള്ള സാധ്യത പരിശോധിക്കും. ഇതിനു കഴിഞ്ഞില്ലെങ്കിൽ ആർടിപിസിആർ പരിശോധനയ്ക്കുവേണ്ട ക്രമീകരണം ഏർപ്പെടുത്തും.