ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,11,298 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തേക്കാൾ രോഗബാധിതരുടെ എണ്ണം നേരിയതോതിൽ കൂടി. 3,847 പേരാണ് ഇന്നലെ മരിച്ചത്.
ഇതോടെ മൊത്തം മരണസംഖ്യ 3,15,235 ആയി ഉയർന്നു. തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, കർണാടകം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്നലെ കൂടുതൽപേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ 21,57,857 കോവിഡ് ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വഡോദരയിൽപുതിയ രോഗം
രാജ്യത്ത് ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോർമൈകോസിസ് ആശങ്കപരത്തുന്നതിനിടെ കോവിഡ് ബാധിതരിൽ മറ്റൊരു ഫംഗൽ ഇൻഫെക്ഷൻകൂടി കണ്ടെത്തി.
ആസ്പെർഗില്ലോസിസ് എന്ന ഈ ഗുരുതര ഇൻഫെക്ഷൻ കണ്ടെത്തിയരിക്കുന്നത് വഡോദരയിലെ ഡോക്ടർമാരാണ്. കോവിഡ് ബാധിതരിലും രോഗമുക്തി നേടിയവരിലും ഈ ഇൻഫെക്ഷൻ ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ.
ബ്ലാക്ക് ഫംഗസ് ബാധിതരായി ഇവിടെ 260ലേറെ രോഗികളാണ ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എട്ടുപേരിൽ ആസ്പെർഗില്ലോസിസ് കണ്ടെത്തി എന്നാണ് റിപ്പോർട്ടുകൾ.
മരുന്നുകളെ പ്രതിരോധിക്കുന്ന ഇനത്തിൽപ്പെട്ട കാൻഡിഡ ഓറിസ് ഇൻഫെക്ഷനും കോവിഡ് ബാധിതരിൽ കണ്ടെത്തിയിട്ടുണ്ട്.