വൈക്കം: ചെന്പ്, ഉദയനാപുരം, തലയാഴം പഞ്ചായത്തുകളിൽ കോവിഡ് വ്യാപനമേറുന്നു. ചെന്പിൽ ഭീതിജനകമാം വിധമാണ് രോഗബാധ. ഇവിടെ കോവിഡ് പോസിറ്റിവിറ്റി 50 ശതമാനത്തിലധികമാണ്.
തലയാഴത്ത് കോവിഡ് പോസിറ്റിവിറ്റി 40 ശതമാനത്തിലധികമാണ്. വൈക്കത്ത് ആദ്യം കോവിഡ് വ്യാപനം ശക്തമായ വെച്ചൂരിൽ കഴിഞ്ഞ നാലു ദിവസത്തെ പരിശോധന ഫലം വരാത്തതിനാൽ രോഗ വർധനവ് അറിയാനായിട്ടില്ല.
ചെന്പ് പഞ്ചായത്തിൽ രോഗ ബാധ വർധിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ബ്രഹ്മമംഗലം ഗവണ്മെന്റ് യുപി സ്കൂളിൽ ഇന്നു കോവിഡ് ചികിൽസാ കേന്ദ്രം തുറക്കും.
ചെന്പ് പഞ്ചായത്തിലെ കായലോര മേഖലയായ മുറിഞ്ഞപുഴ ഭാഗത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ രോഗബാധയ്ക്ക് അല്പം ശമനമുണ്ടായിട്ടുണ്ട്.
പോലീസും ആരോഗ്യവകുപ്പും ഏകോപനത്തോടെ ജനപ്രതിനിധികൾക്കും രാഷ്ട്രീയ കക്ഷികൾക്കുമൊപ്പം രോഗപ്രതിരോധത്തിനായി അക്ഷീണ യത്നത്തിലാണ്.
ഉദയനാപുരം പഞ്ചായത്തിലെ 12, 13 വാർഡുകൾ പോലീസ് നിരീക്ഷണത്തിലാണ്. ഇവിടെ ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചിട്ടുണ്ട്. നക്കംതുരുത്ത്, കാരുവള്ളി, ഭജനമഠം, ഇരുന്പുഴിക്കര, പരുത്തിമുടി എന്നിവിടങ്ങളിലെ ഗ്രാമീണ റോഡുകൾ വേലികെട്ടി അടച്ചു. തൊഴിലാളികളെയടക്കം അത്യാവശ്യക്കാരെ മാത്രമേ പുറത്തുവിടുകയുള്ളു.