കോട്ടയം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെൻമെന്റ് സോണാക്കി ഗതാഗതം പൂർണമായും നിയന്ത്രിച്ചതോടെ പട്ടിണിയിലായി 30 കുടുംബങ്ങൾ.
വേളൂർ കല്ലുപുരയ്ക്കൽ സ്വരമുക്ക് കോളനിയിലെ നൂറിലധികം വരുന്ന സാധാരണക്കാരാണ് കണ്ടെയ്ൻമെന്റ് സോണിലായി ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 14 പോസിറ്റീവ് രോഗികളെയാണ് ഇവിടെ പരിശോധനയിൽ കണ്ടെത്തിയത്.
സമൂഹവ്യാപനം റിപ്പോർട്ട് ചെയ്തതോടെ അതീവ നിയന്ത്രണമാണ് അധികാരികൾ ഇവിടെ ഏർപ്പെടുത്തിയത്. ഗതാഗതം പൂർണമായും നിലച്ചതോടെ ഭക്ഷണ സാധനങ്ങൾപോലും ലഭിക്കാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്നു നാട്ടുകാർ പറയുന്നു.
ഇന്നു പുതിയ പരിശോധനാ ഫലം വരുമെന്നിരിക്കെ രോഗികളുടെ എണ്ണം വീണ്ടും കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. നഗരസഭയുടെ 45, 47 വാർഡുകൾ കണ്ടെൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതോടെയാണ് ഇവിടുത്തെ ജനങ്ങൾ പട്ടിണിയിലായത്.
ഭക്ഷണ സാധനങ്ങൾ ഈ ദിവസങ്ങളിൽ ലഭിച്ചില്ലെന്നും പല കുടുംബങ്ങളിലും ആവശ്യവസ്തുക്കൾ തീർന്നെന്നും പ്രദേശവാസി പറയുന്നു. കണ്ടെൻമെന്റ് സോണാക്കിയതിനപ്പുറം ഇവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങൾ തിരക്കാനും ആവശ്യസാധനങ്ങൾ വിതരണം ചെയ്യാനും നഗരസഭ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നും ഇവർ ആരോപിക്കുന്നു.
ചിങ്ങവനത്തു രോഗം സ്ഥിരീകരിച്ച ആളിൽ നിന്നുമാണ് ഇവിടെ സന്പകർക്കമുണ്ടാകുന്നത്. പ്രദേശത്തു സമീപകാലത്തു നടന്ന ഒരു ചടങ്ങിൽ വീട്ടുടമസ്ഥന്റെ മരുമകനായ ചിങ്ങവനം സ്വദേശി പങ്കെടുത്തിരുന്നു. ഇയാൾ ഒരു ദിവസം ഈ വീട്ടിൽ തങ്ങുകയും ചെയ്തിരുന്നു.
പല സമയങ്ങളിൽ ഈ വീട്ടിൽ ചെന്നവർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നാലു വയസുകാരനും 60 വയസു കഴിഞ്ഞ ഒരാളും രോഗികളിൽ ഉൾപ്പെടുന്നുണ്ട്. ഇവർ വിവിധ കോവിഡ് ആശുപത്രികളിൽ ചികിത്സയിലാണ്.
ആരോഗ്യ പ്രവർത്തകരെത്തി പ്രദേശ വാസികളെല്ലാവരും ക്വാറന്റൈനിൽ പോകാൻ നിർദേശിക്കുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളും ക്വാറന്റൈനിലായതോടെ ഭക്ഷണ സാധനങ്ങൾ പോലും വാങ്ങാൻ പോലും ആർക്കും പുറത്തു പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
മൂന്നിലധികം ആളുകളുള്ള ഒരു കുടുംബത്തിനു പട്ടിണി മാറ്റാനുള്ള സാഹചര്യം അധികാരികൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.