ന്യൂഡൽഹി: കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഉറപ്പെന്നു കേന്ദ്രസർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ്.
മൂന്നാം ഘട്ടം എപ്പോൾ വരുമെന്നോ, എത്ര വ്യാപകവും മാരകവും ആകുമെന്നോ വ്യക്തമല്ലെന്ന് കേന്ദ്രത്തിന്റെ പ്രിൻസിപ്പൽ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. കെ. വിജയരാഘവൻ പറഞ്ഞു.
ജനിതകമാറ്റം വന്ന വൈറസിന്റെ പുതിയ വകഭേദങ്ങളെ നേരിടാൻ വാക്സിനുകൾ മെച്ചപ്പെടുത്തുകയോ പരിഷ്കരിക്കുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് മൃഗങ്ങളിലൂടെയല്ല പകരുന്നതെന്നും മനുഷ്യരിലൂടെയാണെന്നും നീതി ആയോഗ് അംഗം (ഹെൽത്ത്) ഡോ. വി.കെ. പോൾ പറഞ്ഞു.
കോഴിക്കോട്, എറണാകുളം, ഹരിയാനയിലെ ഗുരുഗ്രാം എന്നീ ജില്ലകൾ രാജ്യത്ത് ആശങ്കാജനകമായ രീതിയിൽ വീണ്ടും കോവിഡ് രൂക്ഷമാകുന്ന മേഖലകളാണെന്നു കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ മുന്നറിയിപ്പു നൽകി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1.49 ലക്ഷം കേസുകൾ റിപ്പോർട്ടു ചെയ്ത ബംഗളൂരു, 38,000 കേസുകളുള്ള ചെന്നൈ തുടങ്ങിയ നഗരങ്ങളും ആശങ്കപ്പെടേണ്ട മേഖലകളാണ്.
കർണാടക, കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ വർധിച്ചുവരുന്ന പ്രവണത കാണിക്കുന്നുണ്ടെന്നു കേന്ദ്രം അറിയിച്ചു.
മഹാരാഷ്ട്ര, കേരളം, കർണാടക, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഒന്നര ലക്ഷത്തോളം കേസുകളുണ്ട്.
ഏഴു സംസ്ഥാനങ്ങളിൽ അരലക്ഷത്തിലേറെയും 17 സംസ്ഥാനങ്ങളിൽ 50,000ൽ താഴെയും സജീവ കേസുകളുണ്ടെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി വിശദീകരിച്ചു.
കഴിഞ്ഞയാഴ്ച ലോകമെന്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട പകുതിയോളം കേസുകൾ ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന ബുധനാഴ്ച അറിയിച്ചു.
ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 3,780 കോവിഡ് മരണങ്ങൾ കൂടിയുണ്ടായി. പ്രതിദിന രോഗബാധ ബുധനാഴ്ച 3.82 ലക്ഷമായിരുന്നു. രണ്ടാഴ്ചയിലേറെയായി ദിവസേന മൂന്നു ലക്ഷത്തിലേറെയാണു വർധന.
ജോർജ് കള്ളിവയലിൽ