കുളത്തൂപ്പുഴ: കോവിഡ് രോഗികളെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം എത്തുന്നതിന് മുമ്പ് രോഗികളെ തിരിച്ചറിഞ്ഞതായും മറ്റും കാട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത് സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് ഇത്തരം വ്യാജ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ രോഗസ്ഥിരീകരണം സംബന്ധിച്ച് ഔദ്യോഗികമായി ജില്ലാ മെഡിക്കല്‍ ഓഫീസറോ, ആരോഗ്യ വകുപ്പോ യാതൊരു വിവരവും നല്‍കിയിരുന്നില്ല.
പ്രദേശ വാസികള്‍ക്കിടയില്‍ ഭീതി പടര്‍ത്തികൊണ്ട് പ്രാദേശികമായി ചിലരെ ലക്ഷ്യമിട്ട് പ്രചരിച്ച വാര്‍ത്ത സംബന്ധിച്ച് നിരവധി പേരാണ് ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടത്. എന്നാല്‍ യാതൊരു സ്ഥിരീകരണത്തിനും ഉദ്യോഗസ്ഥര്‍ തയാറായില്ല.
രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തെ തുടര്‍ന്ന് സംഭവം ശ്രദ്ധയില്‍ പെട്ട ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം കോവിഡ് പരിശോധനാ ഫലം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ സൈബര്‍ നിയമ പ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് മേധാവി അറിയിച്ചു.