പത്തനംതിട്ട: കോവിഡ് വ്യാപനത്തിന്റെ തീവ്രതയേറിയതോടെ ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടവര്ക്കായി തയാറാക്കിയ കോവിഡ് ആശുപത്രികള്‍ക്കു പുറമേ കോവിഡ് ഒന്നാംനിര ആശുപത്രികള്‍ കൂടുതലായി തുറക്കുകയാണ്.
മറ്റു ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഒന്നുമില്ലാത്ത പോസിറ്റീവ് കേസുകള്‍ ഒന്നാംനിര കേന്ദ്രങ്ങളിലേക്കു മാറ്റും. ഇതിനിടെ ഒരുതവണ നെഗറ്റീവാകുന്ന കേസുകള്‍ ഡിസ്ചാര്‍ജ് ചെയ്യാനുള്ള നിര്‍ദേശവുമായി.
എന്നാല്‍ ഒരുതവണ നെഗറ്റീവാകുകയും പിന്നീടുള്ള പരിശോധനകളില്‍ പോസിറ്റീവായി തുടരുകയും ചെയ്യുന്ന കേസുകള്‍ ഇതിനോടകം കൂടുതല്‍ കണ്ടെത്തിയിട്ടുള്ള സാഹചര്യത്തില്‍ ധൃതി പിടിച്ചുള്ള ഡിസ്ചാര്‍ജ് ഗുണകരമാകില്ലെന്ന അഭിപ്രായവും ആരോഗ്യ വിദഗ്ധര്‍ക്കുണ്ട്.
തുടര്‍ച്ചയായ രണ്ടു ഫലങ്ങള്‍ നെഗറ്റീവാകാന്‍ 48 ദിവസങ്ങള്‍ വരെയെടുത്ത കേസുകള്‍ ഉണ്ടായി. എന്നാല്‍ 14 ദിവസം കഴിഞ്ഞ പോസിറ്റീവ് കേസുകളില്‍ നിന്നു മറ്റുള്ളവരിലേക്കു പടരാനുള്ള സാധ്യത ഇല്ലെന്ന പേരിലാണ് ഡിസ്ചാര്‍ജ് തീരുമാനം.
ഇത്തരത്തില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ സ്വന്തം വീടുകളില്‍ ക്വാറന്റൈനീല്‍ 14 മുതല്‍ 28 ദിവസംവരെ കഴിയട്ടേയെന്നതാണ് ആരോഗ്യവകുപ്പ് നിലപാട്. നിലവിലെ ചികിത്സാ സാഹചര്യങ്ങളില്‍ കൂടുതല്‍ രോഗികളെ ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചികിത്സാരീതികളിലെ മാറ്റങ്ങള്‍.