ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ചെറുപ്പക്കാരെയും കുട്ടികളെയും കൂടുതലായും ബാധിക്കുന്നതായി റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയുമാണ് രോഗം പെട്ടെന്ന് ബാധിച്ചിരുന്നെങ്കിൽ രണ്ടാം തരംഗത്തിൽ ഇതിനു മാറ്റംവന്നിരിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.
അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലായി 79,688 കുട്ടികൾക്കാണ് രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നില്ല. യുകെയിൽ കുട്ടികൾക്ക് ആസ്ട്രാസെനെക്ക വാക്സിൻ നൽകിയിരുന്നു.
എന്നാൽ ആസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിച്ച് മരണം ഉണ്ടായതായി റിപ്പോർട്ടിനെ തുടർന്ന് കുട്ടികളിലെ വാക്സിനേഷൻ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
മഹാരാഷ്ട്രയിൽ മാർച്ച് ഒന്നിനും ഏപ്രിൽ നാലിനും ഇടയിൽ 60,684 കുട്ടികൾക്ക് കോവിഡ് ബാധിച്ചിരിന്നു. ഈ കുട്ടികളിൽ 9,882 പേർ അഞ്ച് വയസിന് താഴെയുള്ളവരാണ്. ഛത്തീസ്ഗഡിൽ 5,940 കുട്ടികളെയാണ് രോഗം ബാധിച്ചത്.
അവരിൽ 922 പേർ അഞ്ച് വയസിന് താഴെയുള്ളവരാണ്. കർണാടകയിൽ 7,327 ഉം 871 ഉം ആണ്. ഉത്തർപ്രദേശിൽ 3,004 കുട്ടികൾ രോഗബാധിതരാണ്. 471 പേർ അഞ്ച് വയസിന് താഴെയുള്ളവരാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിൽ 2,733 കുട്ടികൾക്ക് കോവിഡ് ബാധിച്ചു. ഇതിൽ 441 പേർ അഞ്ച് വയസിന് താഴെയുള്ളവരാണ്.
കുട്ടികളിൽ പ്രതിരോധ ശേഷി കുറവായതിനാലും മാസ്ക്, സാമൂഹിക അകലം തുടങ്ങിയവ കൃത്യമായി പാലിക്കാൻ കഴിയാത്തതും കോവിഡ് വേഗം ബാധിക്കാൻ ഇടയാക്കുന്നു. വകഭേദംവന്ന വൈറസ് വളരെ വേഗം പടരുന്നവയാണ്. മാത്രമല്ല അവ സൂപ്പർ സ്പ്രെഡറുകളായി മാറുകയും ചെയ്യുന്നു.