എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് സന്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ വലിയ രീതിയിൽ വർധിക്കുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടെ സന്പർക്കത്തിലൂടെ മാത്രം രോഗം ബാധിച്ചത് 41 പേർക്കാണ്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവും ബ്രേക്ക് ദ ചെയിൻ ക്യാന്പയിൻ മരവിച്ചതും സാമൂഹിക അകലം പാലിക്കാതെയുള്ള യാത്രകളുമാണ് സന്പർക്കത്തിലൂടെയുള്ള രോഗബാധ വർധിക്കാനുളള കാരണമായി ആരോഗ്യ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് 19 കേരളത്തിൽ സ്ഥിരീകരിച്ച സമയത്ത് സംസ്ഥാനത്തെ ജനങ്ങൾ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് കൈകൾ ശുചിയാക്കാൻ എടുത്ത താത്പര്യം ഇപ്പോൾ തീരെ ഇല്ലാതായിരിക്കുകയാണ്. ബ്രേക് ദ ചെയിൻ കാന്പയിൻ സംസ്ഥാനത്ത് ഇപ്പോൾ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്.
എടിഎമ്മുകളിലോ ഷോപ്പുകളിലോ എന്തിന് ബാങ്കുകളിൽ ഉൾപ്പടെ സാനിറ്റൈസറും കൈകൾ കഴുകുവാനുള്ള സൗകര്യമോ ഇല്ലാത്ത അവസ്ഥയാണ്. സാമൂഹിക അകലം പാലിച്ചുള്ള യാത്രകളും ഇല്ലാത്ത സ്ഥിതിയാണ് സ്വകാര്യ വാഹനങ്ങളിൽ സർക്കാർ നിർദ്ദേശിച്ചതിനെക്കാളും കൂടുതൽ പേരാണ് യാത്ര ചെയ്യുന്നത്.
ബസുകളിൽ ഇപ്പോൾ ഒരു സീറ്റിൽ രണ്ടു പേർ ഇരിക്കുന്ന പ്രവണതയും വർധിച്ചു വരുന്നു. ഇതിനു പുറമേ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ആൾക്കൂട്ടവും വർധിക്കുകയാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പോലീസ് പരിശോധനകളും പേരിന് മാത്രമായി.
വിദേശത്തു നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്ന വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഏതൊരു നിയന്ത്രങ്ങളുമില്ലാതെ പുറത്തു ഇറങ്ങി നടക്കുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. ആരോഗ്യ പ്രവർത്തകരിലേക്കും സന്പർക്കത്തിലൂടെ രോഗം പടരുന്നത് കൂടിവരികയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്തിലധികം ആരോഗ്യ പ്രവർത്തകർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുകയോ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി കടുത്ത ശിക്ഷാ നടപടികൾ ഉറപ്പാക്കുകയോ ചെയ്യാതെ സന്പർക്കത്തിലൂടെയുള്ള രോഗബാധ തടയാനാകില്ലെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
ഈഴ്ച സംസ്ഥാനത്ത് രോഗത്തിന്റെ വളർച്ചാനിരക്ക് ഇരട്ടിക്കുന്നതിന്റെ തോത് ദേശീയ ശരാശരിയെക്കാൾ വേഗത്തിലായി എന്നതും ശരിയായ ജാഗ്രതയിലേക്ക് ഇനിയും സംസ്ഥാനം പോകേണ്ടതുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.