തൃശൂർ: കോവിഡ് വ്യാപനം വീണ്ടും പട്ടിണിയിലേക്ക് നയിക്കുമോയെന്ന ആശങ്കയിൽ വ്യാപാരികളും ബസ് ജീവനക്കാരും.കോവിഡിന്റെ പേരിൽ ഏറ്റവും ആദ്യം നിയന്ത്രണങ്ങൾ സഹിക്കേണ്ടി വരുന്നത് വ്യാപാരികളും ബസ് ജീവനക്കാരുമാണ്. ഇപ്പോൾ തന്നെ കടകൾ രാത്രി ഒന്പതിന് അടയ്ക്കണമെന്ന നിർദ്ദേശം നൽകി.
ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡിനെ തുടർന്ന് ഒരു വർഷം കഷ്ടത്തിലായതിന്റെ ബുദ്ധിമുട്ടിൽ നിന്നും ഒരു വിധം കരകയറി വരുന്പോഴാണ് അടുത്ത ആഘാതം എത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം പഴയ പോലെ ഇനിയും എത്തിയിട്ടില്ല.
ഹോട്ടലുകളിൽ ഏറ്റവും കൂടുതൽ തിരിച്ചടിയായിരിക്കുന്നത്. പകുതി സീറ്റുകൾ മാത്രമേ പാടുള്ളൂവെന്നതും രാത്രി ഒന്പതിന് അടയ്ക്കണമെന്നതുമാണ് ഇവരെ കഷട്ത്തിലാക്കിയിരിക്കുന്നത്. പല ഹോട്ടലുകളിലും ഇനിയും പഴയ പോലെ കച്ചവടം ആയിട്ടില്ല.
അതിനു മുന്പു തന്നെ വീണ്ടും നിയന്ത്രണം വന്നതോടെ പലരും സാന്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറാൻ പറ്റാത്ത സാഹചര്യത്തിലാകും. നിലിവിൽ വ്യാപാരികളും ബസ് ഉടമകളും മറ്റുള്ളവരും ലോണിന്റെ തിരിച്ചടവ് അടയ്ക്കാനാകാതെ പ്രതിസന്ധിയിലാണ്.
കോവിഡിന്റെ പേരിൽ തിരിച്ചടവിന് സാവകാശം ലഭിച്ചിരുന്നു. ബാങ്കുകൾ ആ സാവകാശമൊക്കെ മാറ്റിയ സാഹചര്യത്തിൽ വീണ്ടും നിയന്ത്രണങ്ങളും തടസങ്ങളും വരുന്പോൾ വരുമാനമില്ലാതെ പ്രതിസന്ധി രൂക്ഷമാക്കും.നിലവിൽ ബസുകളിൽ യാത്രക്കാർ വളരെ കുറവാണ്. ഡീസൽ വില കൂടുന്നതിനനുസരിച്ച് ചെലവും വർധിക്കുകയാണ്.
പല ബസുടമകൾക്കും ഡീസൽ ചാർജ് തന്നെ കിട്ടുന്നില്ലത്രേ. കൈയിൽ നിന്ന് ജീവനക്കാർക്ക് പണം കൊടുക്കാനില്ലാത്തതിനാൽ ഉടമകൾ പലരും സർവീസുകൾ വീണ്ടും നിർത്തി.കോവിഡ് വന്നതോടെ നിരവധി പേർ ബസ് യാത്ര തന്നെ അവസാനിപ്പിച്ചു.
സ്വന്തം ബൈക്കുകളും മറ്റു മാർഗങ്ങളുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അതിനാൽ ബസുകളിൽ യാത്രക്കാർ തീരെ കുറവാണ്. കോവിഡ് നിയന്ത്രണം കർശനമാകുന്നതോടെ ബസ് സർവീസുകളും അവസാനിപ്പിക്കേണ്ടി വരുമെന്ന് ബസുടമകൾ പറയുന്നു.