കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 9504 ആയി കുറഞ്ഞു. ജില്ലയിൽ 423 പേർ കൂടി നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 15 പേർ കൂടി നിരീക്ഷണത്തിലാവുകയും ചെയ്തു.
ജില്ലയിൽനിന്നും പരിശോധനയ്ക്കയച്ച 240 സാന്പിളുകളിൽ നിന്നും 221 എണ്ണത്തിന്റെ ഫലം ലഭിച്ചു.17 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 1003 വാഹനങ്ങളിലായി എത്തിയ 1552 ആളുകളെ സ്ക്രീനിംഗിനു വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
മലപ്പുറത്ത് ആശുപത്രിയിൽ
നിരീക്ഷണത്തിലുള്ളത് 23 പേർ മാത്രം
മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ആശുപത്രിയിൽ കഴിയുന്നത് 23 പേർ മാത്രം. ഇവർ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ മുതൽ 20 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,189 ആയതായി ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.
632 പേരെ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം വീടുകളിലെ പ്രത്യേക നിരീക്ഷണത്തിൽ നിന്ന് ഇന്നലെ (ഏപ്രിൽ 14) ഒഴിവാക്കി. 12,102 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 64 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.
ആരോഗ്യനില തൃപ്തികരം
മലപ്പുറം: കോവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയിൽ ഇപ്പേൾ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 19 പേർക്കാണ് ഇതുവരെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ എട്ട് പേർ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു. 11 പേരാണ് നിലവിൽ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലുള്ളത്. ഇതുവരെ 1,405 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 23 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
മുൻകരുതൽ പ്രവർത്തനങ്ങൾ ജില്ലയിൽ കർശനമായി തുടരുകയാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വാർഡ് തലങ്ങളിൽ ദ്രുത കർമ സംഘങ്ങളുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നവരുള്ള 5,232 വീടുകൾ ദ്രുത കർമ്മ സംഘങ്ങൾ സന്ദർശിച്ച് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൈമാറി.
ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവർ പൊതു സന്പർക്കം പുലർത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിച്ചു വരികയാണ്. 2,194 സ്ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.