മുളങ്കുന്നത്തുകാവ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലെ പ്രശ്നങ്ങളടക്കമുള്ള ഗുരുതരമായ അവസ്ഥകൾക്ക് പരിഹാരം കാണാൻ ആരോഗ്യമന്ത്രി അടിയന്തര യോഗം വിളിക്കണമെന്ന് അനിൽ അക്കര എംഎൽഎ ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ആശുപത്രി വികസന സൊസൈറ്റി അംഗങ്ങളുടെയും വെബ് മീറ്റിംഗ് വിളിക്കണമെന്ന് അനിൽ അക്കര അഭിപ്രായപ്പെട്ടു.
ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ കേരള എൻജിഒ അസോസിയേഷൻ തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്കും ബുദ്ധിമുട്ടുകളുണ്ടെന്ന് എംഎൽഎ പറഞ്ഞു. മൂന്നു വാർഡുകളിലായി 200 രോഗികൾക്ക് മാത്രം ചികിത്സിക്കാൻ സൗകര്യമുള്ളിടത്ത് മുന്നൂറിലധികം രോഗികളാണ് ചികിത്സയിൽ കഴിയുന്നതെന്ന് അനിൽ അക്കര ചൂണ്ടിക്കാട്ടി.
നിരവധി രോഗികൾ നിലത്ത് പായവിരിച്ച് കിടക്കേണ്ട അവസ്ഥയിലാണ്. നെഞ്ചുരോഗ ആശുപത്രിയിലും ഇ എസ് ഐ ആശുപത്രിയിലും രോഗികൾ വർധിച്ചുകൊണ്ടിരിക്കുന്നു. ജീവനക്കാരുടെ കുറവ് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
അടിയന്തിരമായി സ്റ്റാഫ് നേഴ്സ്, നേഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് 2 തുടങ്ങിയ തസ്തികളിലേക്ക് ജീവനക്കാരെ നിയമിക്കണമെന്നും അനിൽ അക്കര എംഎൽഎ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ.നാരായണൻ, കേരള ഗവണ്മെന്റ് നേഴ്സസ് യൂണിയൻ ജില്ലാ സെക്രട്ടറി സിജി ജോസ്, എൻജിഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡണ്ട് കെ.എസ്.മധു, ബ്രാഞ്ച് ട്രഷറർ വി.എ.ഷാജു, ജില്ലാ വനിതാ ഫോറം ജോയിന്റ് കണ്വീനർ വി.എസ്.സുബിത, വി.എ.ബഷീർ, ടി.എ.അൻസാർ, ഒ.പി.സാലി, പി.എഫ്.രാജു്, എ.ടി.ജോജു തുടങ്ങിയവർ പങ്കെടുത്തു.