തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സമ്പൂർണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ ധാരണയായി. പൂർണ അടച്ചിടലിനെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ എതിർത്തു.
എന്നാൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാരാന്ത്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരാനും യോഗത്തിൽ തീരുമാനിച്ചു. ഇതോടെ വരുന്ന ശനി, ഞായർ ദിവസങ്ങളിലും സംസ്ഥാനത്ത് നിയന്ത്രണങ്ങളുണ്ടാകുമെന്ന് ഉറപ്പായി.
സമ്പൂർണ അടച്ചിടൽ സാമ്പത്തിക മേഖലയെ തകർക്കുമെന്നും എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുമെന്നും യോഗം വിലയിരുത്തി. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ പ്രതിസന്ധിയിലാകും. ഇത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.
എന്നാൽ രോഗവ്യാപനം തീവ്രമായ പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ തുടരും. ഇക്കാര്യത്തിൽ അതാത് ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനമെടുക്കാൻ അനുമതി നൽകും.
സംസ്ഥാനത്ത് കടകളുടെ പ്രവർത്തന സമയം രാത്രി ഒൻപത് വരെ നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ ഒൻപതിന് കർഫ്യൂ തുടങ്ങുന്നതിനാൽ 7.30ന് തന്നെ കടകൾ അടയ്ക്കുന്നതാകും ഉചിതമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് രണ്ടിന് ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് യോഗത്തിൽ പൊതു വിലയിരുത്തലുണ്ടായി.
തീരുമാനം നിയമം മൂലം നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അതത് രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകരോട് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശിക്കണമെന്നുമാണ് സർക്കാർ നിലപാട്.