ആലുവ: കോവിഡ് സമ്പർക്ക പകർച്ചയുടെ കണക്കുകൾ പെരുകുന്നതോടെ ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ഭീതിയുണർത്തുകയാണ് ആലുവ മേഖല.
ആലുവയിലെ സ്ഥിതി ഗുരുതരമാണെന്നും കൂടുതൽ സമ്പർക്ക രോഗികളുണ്ടായാൽ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോകേണ്ടിവരുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ ഇന്നലെ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് ആശങ്കകൾ പങ്കുവച്ചിരുന്നു.
മൂന്ന് കേസുകളിലായി മുന്നൂറിലധികം പേരാണ് ആലുവയിലും പരിസരത്തുമായി നിരീക്ഷണത്തിൽ കഴിയുന്നത്. ആലുവ നഗരസഭ, കടുങ്ങല്ലൂർ, എടത്തല, കീഴ്മാട് ഗ്രാമ പഞ്ചായത്തുകൾ എന്നിവടങ്ങളിലാണ് സ്ഥിതി വഷളായിരിക്കുന്നത്.
ആലുവ നസ്രത്ത് വാർഡിലെ 39 വയസുള്ള വൈദികന് കോവിഡ് സ്ഥിരീകരിച്ചതാണ് ഇന്നലത്തെ ഒടുവിലെ സംഭവം. തുടർന്ന് നഗരസഭ പതിനെട്ടാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. വാർഡിലേക്കുള്ള എല്ലാ റോഡുകളും ഇന്നടക്കും.
രോഗം സ്ഥിരീകരിച്ച വൈദികൻ താമസിച്ചിരുന്ന ആശ്രമത്തിലെ മറ്റ് വൈദികരും ജോലിക്കാരും നിരീക്ഷണത്തിലായി. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും ബാങ്കിലുമടക്കം വൈദികൻ ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും നിരീക്ഷണത്തിലാണ്.
കീഴ്മാട് പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച കുട്ടമശേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളത് ഇരുന്നൂറിലധികം പേരാണ്. രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾ സന്ദർശനം നടത്തിയ വിവാഹ നിശ്ചയ ചടങ്ങ്, പ്രാധമിക ആരോഗ്യ കേന്ദ്രം, സ്വകാര്യ ക്ലിനിക്ക്,
വ്യാപാര സ്ഥാപനങ്ങൾ എന്നിവടങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കീഴ്മാട് പഞ്ചായത്തിന്റെ അഞ്ചാം വാർഡ് കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിക്കുകയും ഈ ഭാഗത്തേക്കുള്ള ഗതാഗതം പോലീസ് തടയുകയും ചെയ്തിട്ടുണ്ട്.
കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂർ സ്വദേശി ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും സമ്പർക്ക പട്ടിക അവ്യക്തമായി തുടരുകയാണ്. ആലുവ മാർക്കറ്റ് കേന്ദ്രീകരിച്ചാണ് ഇയാൾ ഓട്ടോ ഓടിച്ചിരുന്നു എന്നതിനാൽ മാർക്കറ്റ് അടച്ചിടകയുണ്ടായി.
ആലുവ നഗരസഭയുടെ മാർക്കറ്റിലെ മൊത്ത വ്യാപാരം ഇന്ന് വെളുപ്പിന് മുതൽ ആരംഭിച്ചെങ്കിലും 9.30ഓടെ അവസാനിപ്പിച്ചു. ഇന്നലെ മന്ത്രി സുനിൽകുമാറിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് മാർക്കറ്റ് പ്രവർത്തിച്ചത്. പോലീസും ആരോഗ്യവകുപ്പ് അധികൃതരും മാർക്കറ്റിൽ എത്തിയിരുന്നു.
എടത്തല പഞ്ചായത്തിലെ നാല്, പതിമൂന്ന് എന്നീ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിലുള്ളത് രണ്ട് വാർഡുകളിലും ഗതാഗതം കർശനമായി നിരോധിക്കുകയും ചെയ്തു. പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ രോഗം പകർന്ന ഒരാൾ മാത്രമാണ് ചികിത്സയിലുള്ളത്.
നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേർ പരിശോധന നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു. എടത്തല പഞ്ചായത്തിൽ 133 പേരാണ് വീടുകളിലും മറ്റും നിരീക്ഷണത്തിലുള്ളത്. കർശനമായ നിരീക്ഷണം ശക്തമാക്കി പോലീസും ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും പ്രശ്ന മേഖലകളിൽ സജീവമായി രംഗത്തുണ്ട്.
അൻവർ സാദത്ത് എംഎൽഎ, റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ഡിവൈഎസ്പി ജി. വേണു തുടങ്ങിയവർ പൊതുജനങ്ങൾക്ക് അവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകി വരുന്നുണ്ട്.