തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും മരണനിരക്ക് കുറയ്ക്കാൻ സാധിച്ചുവെന്നും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. കേരളത്തിൽ രോഗികളുടെ എണ്ണം കൂടാൻ കാരണം രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകൾ കേരളത്തിലേക്ക് വരുന്നത് കൊണ്ടാണ്.
മെയ് ഏഴു വരെ സംസ്ഥാനത്ത് 512 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം ലോക്ക് ഡൗണിൽ ഇളവുകൾ നൽകുകയും ട്രെയിൻ, വിമാന സർവീസ് ആരംഭിച്ചതോടെയും കൂടുതൽ ആളുകൾ കേരളത്തിലെത്തി തുടങ്ങി. പലരും അവശനിലയിലാണ് എത്തിയത്. മുംബൈയ്, ചെന്നൈ എന്നീ സ്ഥലങ്ങളിൽ നിന്നു വന്ന ഭൂരിഭാഗം ആളുകൾക്കും രോഗം പിടിപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ വച്ച് ശാസ്ത്രീയമായി ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്നത് കേരളത്തിലാണ്. ഒരു ടെസ്റ്റിന് 4,000 ത്തോളം രൂപ ചിലവുണ്ടെങ്കിലും ചികിത്സ സൗജന്യമായി തന്നെ തുടരും. ടെസ്റ്റ് കുറവാണെന്ന് പറയുന്നതിന്റെ മാനദണ്ഡം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
വെഞ്ഞാറമൂട്ടിൽ കോവിഡ് പിടിപ്പെട്ട സംഭവം വിശദമായി പരിശോധിച്ച് വരികയാണ്. കന്റെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാനുള്ള ആലോചനയിലാണെന്നും മന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്നും വരുന്നവർ പണം നൽകി ക്വാറന്റൈനിൽ പോകുന്നതിനോട് വിയോജിപ്പില്ല. ക്വാറന്റൈൻ സംവിധാനം ഏർപ്പെടുത്തി കൂടുതൽ ആളുകൾ വരുന്പോൾ സൗകര്യങ്ങൾ കുറയുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ന്യൂമോണിയ പരിശോധനകൾ കൂട്ടാനും കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു.
പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും വിദേശത്ത് നിന്നാണ് അദ്ദേഹം എത്തിയതെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.