വൈക്കം: കോവിഡ് സ്ഥിരീകരിച്ച 76കാരന് 24 മണിക്കൂർ കഴിഞ്ഞും ഫലപ്രദമായ ചികിൽസ ലഭ്യമാക്കാതെ മരണപ്പെടാനിടയായ സംഭവത്തിൽ സ്വകാര്യ ആശുപത്രിയുടേയും ആരോഗ്യ വകുപ്പിന്റെയും നടപടിയിൽ പ്രതിഷേധിച്ചു വൈക്കത്തു വ്യാപക പ്രതിഷേധം.
കഴിഞ്ഞ ദിവസം കെപിഎംഎസ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ അഞ്ചിടങ്ങളിലായി പ്രതിഷേധ ധർണ നടത്തിയിരുന്നു. കഴിഞ്ഞ ആറിനാണ് തോട്ടകം സ്വദേശിയായ വാസുവും ഭാര്യ ദേവകിയും രണ്ടു മക്കളും വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്ക് വിധേയരായത്.
11ന് വാസുവിനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവാണെന്ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് അറിയിച്ചു. സ്വകാര്യ ആശുപത്രി ഈ വിവരം കോട്ടയത്തെ കോവിഡ് കണ്ട്രോൾ സെന്ററിൽ റിപ്പോർട്ട് ചെയ്യാത്തതിനാൽ 24 മണിക്കൂർ കഴിഞ്ഞിട്ടും ഇവരെ ആശുപത്രിയിലേക്കു മാറ്റാൻ ആരോഗ്യ വകുപ്പ് അധികൃതർ തയാറായില്ല.
പ്രതിഷേധം ഉയർന്നതോടെ ഒരു ദിവസം കഴിഞ്ഞാണ് രോഗികളെ ചികിത്സ നൽകുന്നതിനായി കൊണ്ടു പോയത്. ഒന്പതിനു രോഗം വഷളായി വാസു മരിച്ചു. വൈക്കത്തെ സ്വകാര്യ ആശുപത്രിയും ആരോഗ്യ വകുപ്പിലെ ഉത്തരവാദിത്തപ്പെട്ടവരും ഗുരുതരമായ വീഴ്ച വരുത്തിയതാണ് വാസു മരിക്കാനിടയായതെന്നാണ് ആരോപണം.