തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. ഏഴു പേർ ഇന്ന് രോഗമുക്തരാകുകയും ചെയ്തു- മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോട്ടയം (മൂന്ന്), കൊല്ലം (മൂന്ന്) കണ്ണൂർ (ഒന്ന്) എന്നിങ്ങനെയാണ് ജില്ല തിരിച്ച് ഇന്ന് കൊറോണ ബാധിച്ചവരുടെ കണക്ക്.
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ രണ്ടു പേർ വീതവും വയനാട് ഒരാളും രോഗമുക്തരായി. സംസ്ഥാനത്ത് ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 457 ആയി. നിലവിൽ 116 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
രോഗമുക്തരായവരിൽ ഹൈ റിസ്ക്കിൽപ്പെട്ട വയോധികനും ഉണ്ടായിരുന്നു എന്നത് സംസ്ഥാനത്തിന് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ കൂത്തുപ്പറമ്പ് സ്വദേശി മൂരിയാട് അബൂബക്കർ (84) ആണ് ഇന്ന് രോഗമുക്തനായത്.
ഇദ്ദേഹത്തിന് വൃക്ക തകരാർ ഉൾപ്പെടെ നിരവധി ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാൻ കഴിഞ്ഞത് അഭിമാനകരമാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.