തിരുവനന്തപുരം: സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഐസിയു, വെന്റിലേറ്റർ എന്നിവയുടെ ഉപയോഗവും വർധിക്കുന്നില്ല. രോഗം സ്ഥിരീകരിക്കുന്നവരിൽ 3.6 ശതമാനം മാത്രമാണ് ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നതെന്നും സ്വകാര്യ ആശുപത്രികളിലും സ്ഥിതി സമാന സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.
ഡെൽറ്റ വൈറസിനേക്കാൾ വ്യാപന ശേഷി ഒമിക്രോണ്‍ വകഭേദത്തിന് ഉണ്ടെങ്കിലും തീവ്രത കുറവാണ് എന്നത് ആശ്വാസകരമാണ്.
അതിനാൽ ആദ്യ രണ്ടു തരംഗത്തെ നേരിട്ട തന്ത്രമല്ല മൂന്നാം തരംഗത്തിൽ പ്രയോഗിക്കുന്നത്.
നിലവിൽ കോവിഡ് രോഗിയുമായി സമ്പർക്കമുള്ള എല്ലാവരും ക്വാറന്റൈൻ പാലിക്കേണ്ട ആവശ്യമില്ല.
രോഗിയെ അടുത്ത് പരിചരിക്കുന്നയാൾ മാത്രം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.
ഫെബ്രുവരി രണ്ടാം വാരത്തോടെ മൂന്നാം തരംഗത്തിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചികിത്സ ആവശ്യമുള്ള എല്ലാവർക്കും പ്രത്യേക പരിചരണം നൽകും. ടെലികണ്‍സൾട്ടേഷൻ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കണം.
വിരമിച്ച ഡോക്ടർമാരുടെ സേവനം ടെലികണ്‍സൾട്ടേഷന്‍ ഉപയോഗിക്കും. രണ്ടു മാസത്തേക്ക് ഡോക്ടർമാരെ താത്കാലിക സേവനത്തിന് നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.