നിശാന്ത് ഘോഷ്
കണ്ണൂര്‍: കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ വ്യാപൃതരാവുമ്പോഴും പ്രത്യേക അലവന്‍സ് കാര്യത്തില്‍ സാക്ഷരതാ പ്രേരക്മാര്‍ പടിക്കു പുറത്ത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ, ആശാ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക കോവിഡ് അലവന്‍സ് നല്‍കുമ്പോഴാണ് സാക്ഷരതാ പ്രേരകുമാരെ ഇക്കാര്യത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നത്.
സാക്ഷരതാ പ്രേരക്മാരുടെ ഹോണറേറിയവും (വേതനം) കുടിശികയാണ്. മേയ് മാസത്തെ ഹോണറേറിയം ഈ മാസമാണ് നല്‍കിയത്. ജൂണ്‍, ജൂലൈ മാസങ്ങളിലേത് ഇപ്പോഴും കുടിശികയാണ്.
ഹോണറേറിയം വിതരണം മുടങ്ങിയതിനെ തുടര്‍ന്നു നേരത്തെ പ്രേരക്മാര്‍ സമരം നടത്തിയിരുന്നു. എല്ലാ മാസവും കൃത്യമായി ഹോണറേറിയം വിതരണം ചെയ്യുമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നായിരുന്നു സമരം പിന്‍വലിച്ചത്. എന്നാല്‍ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഇതിനിടയിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രേരക്മാരും നിയോഗിക്കപ്പെടുന്നത്.
സാക്ഷരതാ മിഷന് ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് മുതല്‍ സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്മാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. കോവിഡ് കെയര്‍ സെന്റര്‍, പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്ക്, കോവിഡ് കണ്ട്രോള് റൂം, കമ്യൂണിറ്റി കിച്ചണ്‍, ഡാറ്റ എന്‍ട്രി, ശുചീകരണം, ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധയിടങ്ങളിലായി പ്രേരക്മാരെ വിന്യസിക്കുകയായിരുന്നു.
സംസ്ഥാനത്ത് നിലവിലുള്ള 2000ത്തോളം പ്രേരക്മാരാണ് ഈ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നത്. കോവിഡ് കാരണം തുടര്‍വിദ്യാ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ അതുവരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് നിര്‍ദേശം.
എന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട സാക്ഷരതാ പ്രേരക്മാര്‍ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളോ സുരക്ഷയോ ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. സര്‍ജിക്കല്‍ മാസ്ക്, ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ്, ഹാന്‍ഡ് വാഷ് എന്നിവ മിക്കയിടത്തും ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ഗ്രാമ പഞ്ചായത്താഫീസുകളില് ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശമുള്ളപ്പോഴും പ്രേരക്മാര്‍ എല്ലാ ദിവസവും ഹാജരാകണം. ചില പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും കോവിഡ് പ്രവര്‍ത്തനത്തിന്റെ മറവില്‍ കൂടുതല്‍ ജോലി അടിച്ചേല്‍പ്പിക്കുന്നുമുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ട് പ്രേരക്മാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്കിയാല് മാത്രമേ ഹോണറേറിയവും ലഭിക്കുകയുള്ളൂ. ഇതിന്റെ മറവില്‍ പഞ്ചായത്തധികൃതര്‍ അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നാണ് പരാതി.
സാക്ഷരതാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രതിദിനം നാനൂറ് രൂപയാണ് ഇവരുടെ വരുമാനം. നിലവില്‍ പൊതുഗതാഗത സൗകര്യം കുറവായ സാഹചര്യത്തില്‍ ഓട്ടോറിക്ഷയിലും മറ്റുമാണ് പലരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ജോലിക്കെത്തുന്നത്. ഇത് വലിയ സാമ്പത്തീക ബാധ്യതയ്ക്കും ഇടയാക്കുന്നുണ്ട്.