കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചത്.
ഏപ്രില്‍ 17ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ന്യൂമോണിയ കണ്ടെത്തിയതോടെ മഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.
ഏപ്രിൽ 21ന് കുട്ടിക്ക് അപസ്മാരം ഉണ്ടായതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ജന്മനാ ഹൃദ്രോഗവും വളർച്ചക്കുറവും അനുഭവപ്പെട്ടിരുന്ന കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. എന്നാല്‍ കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല.
കുട്ടിയുടെ മാതാപിതാക്കള്‍ക്കൊ അടുത്ത ബന്ധുക്കള്‍ക്കൊ കൊറണ ബാധയില്ല. എന്നാൽ കുട്ടിയുടെ അകന്ന ഒരു ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ ഒരു മാഹി സ്വദേശിയും സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.