സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശവസംസ്കാരം, വിവാഹം തുടങ്ങിയ പൊതുചടങ്ങുകളിൽ പങ്കെടുത്തവരിൽ ആരെങ്കിലും കോവിഡ് പോസിറ്റീവ് ആയാൽ ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരേയും ഇനി പരിശോധനയ്ക്ക് വിധേയമാക്കും.
രോഗ ലക്ഷണങ്ങളുള്ളവരും സന്പർക്കത്തിലുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്നും ഇന്നലെ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
ഞായറാഴ്ചത്തെ ലോക്ഡൗൺ നിലവിലുള്ളതുപോലെ തുടരുമെങ്കിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോയെന്ന് ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ തീരുമാനമെടുക്കും.
സംസ്ഥാനത്തു കോവിഡ് പ്രതിദിന വ്യാപന കണക്കു വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കെത്തിക്കും. സെപ്റ്റംബർ അവസാനത്തോടെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് തീരുമാനം.
അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണ്ടതിനാൽ മാനദണ്ഡങ്ങളിൽ ഒരു കാരണവശാലും ഇളവുകൾ അനുവദിക്കില്ല.