മലപ്പുറം: തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ പെണ്‍കുട്ടി ആത്മഹത്യ ചെയത സംഭവത്തില്‍ പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും.
പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് അവസാനമായി ഫോണില്‍ സംസാരിച്ചത് ഈ യുവാവുമായാണ്.
ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും വിദഗ്ധ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. അവസാന കോള്‍ സംഭാഷണം, വാട്സപ്പ് ചാറ്റുകള്‍ എന്നിവയാണ് പരിശോധിക്കുന്നത്.
കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പോലീസിന് വീഴ്ച്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പോക്സോ കേസില്‍ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഈ കേസില്‍ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ പോയതെന്നും റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2017-ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രണ്ടു വര്‍ഷം മുമ്പാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.