ഫ്രാങ്കോ ലൂയിസ്
തൃശൂര്‍: കോവിഡ് കശക്കിയെറിഞ്ഞ ചൈനയില്‍നിന്നുള്ള കോവിഡ് പരിശോധനാ കിറ്റിനു ലോകമെങ്ങും വന്‍ ഡിമാന്‍ഡ്. 15 മിനിറ്റുകൊണ്ട് ഫലമറിയാം. ചൈനയിലെ ഹാംങ്സൗ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ വിവാചെക് ലബോറട്ടറീസാണ് വിവ ഡയാഗ് കോവിഡ് 19 എന്ന പേരില്‍ റാപിഡ് ടെസ്റ്റ് കിറ്റുകള്‍ വന്‍തോതില്‍ പുറത്തിറക്കുന്നത്.
ഇന്ത്യയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമാണ് പരിശോധനാ സംവിധാനം ഉണ്ടായിരുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ 13 സ്വകാര്യ സ്ഥാപനങ്ങള്‍ക്കു പരിശോധന നടത്താന്‍ അനുമതി നല്കി. ഗുജറാത്ത് കേന്ദ്രമാക്കിയുള്ള ലാബുകളാണ് ഇതില്‍ അധികവും. അറുപതോളം കേന്ദ്രങ്ങളില്‍ ഇന്ത്യയിലെ സ്വകാര്യ ലാബുകള്‍ പരിശോധനാ സൗകര്യമുണ്ട്. ഈ സ്ഥാപനങ്ങളും ചൈനീസ് കിറ്റുകളാണ് വാങ്ങുന്നത്.
ഒരു കിറ്റിന് ചില്ലറ വില്പന വില നാലു ഡോളറാണ്. അതായത് 280 രൂപയോളം. മൊത്തവില ഗണ്യമായി കുറയും. ഒരാളുടെ ഒറ്റത്തവണത്തെ കോവിഡ് രക്ത പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് 4,500 രൂപയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ച നിരക്കാണിത്. അല്പം റിസ്കുണ്ടെങ്കിലും സ്വകാര്യ ലാബുകള്‍ക്ക് കൊയ്ത്തുതന്നെ.
ടെസ്റ്റിനുള്ള ചെറിയ ഉപകരണം, ബഫര്‍, പിപ്പെറ്റ്, സേഫ്റ്റി ലാന്‍സെറ്റ്സ്, ആല്‍ക്കഹോള്‍ പ്രെപ് പാഡ്സ് എന്നിവ അടങ്ങിയതാണ് കിറ്റ്. വിരല്‍ത്തുമ്പില്‍ കിറ്റിലെ സൂചികൊണ്ടു ചെറുതായൊന്നു കുത്തുക. പൊടിയുന്ന ഒരു തുള്ളി രക്തം പിപ്പെറ്റുകൊണ്ടെടുത്ത് ചെറിയ ഉപകരണത്തിലേക്കു മാറ്റുക.
ബഫറിലെ രാസലായിനിയുടെ ഒരു തുള്ളി രക്തത്തിലേക്ക് വീഴ്ത്തിയാല്‍ മതി. 15 മിനിറ്റിനകം കോവിഡ് ബാധിച്ചിട്ടുണ്ടോയെന്നറിയാം. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഉല്പന്നമാണ്. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളില്‍ ഈ കമ്പനിയുടെ റാപിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് വലിയ ഡിമാന്‍ഡാണ്.
കുവൈറ്റ് അടക്കമുള്ള വിമാനത്താവളങ്ങളില്‍ നിയോഗിക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ ഈ ഉപകരണത്തിന്റെ സഹായത്തോടെയാണ് യാത്രക്കാര്‍ക്കു കോവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിരുന്നത്. അമേരിക്കയിലെ വിമിംഗ്ടണിലാണ് വിവാചെക് ലബോറട്ടറീസിന്റെ ആസ്ഥാനം.
്