കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരവേ ജില്ലയില്‍ രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിക്കുന്നു.
ഇന്നലെ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആശുപത്രികളില്‍ 83 പേരാണു രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്സിലുമായി 78 പേരും ഐഎന്‍എസ് സഞ്ജീവനിയില്‍ അഞ്ചു പേരുമാണ് ചികിത്സയിലുള്ളത്.
ഇന്നലെ 846 പേരെയാണു ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണ കാലയളവ് അവസാനിച്ച 878 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11,637 ആയി.
ഇതില്‍ 9,834 പേര് വീടുകളിലും, 603 പേര് കോവിഡ് കെയര്‍ സെന്ററുകളിലും, 1,200 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലുമാലി ഇന്നലെ 11 പേരെകൂടി പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 13 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇതോടെ, ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 122 ആയി. മെഡിക്കല്‍ കോളജില്‍ 52 പേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ മൂന്നുപേരും അങ്കമാലി അഡ്ലക്സില്‍ 32 പേരും ഐഎന്‍എസ് സഞ്ജീവനിയില്‍ അഞ്ചുപേരും സ്വകാര്യ ആശുപത്രികളിലായി 28 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
കഴിഞ്ഞ 13ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തമിഴ്നാട് സ്വദേശി, ഖത്തര്‍-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ചേന്ദമംഗലം സ്വദേശി, 12 ന് മുംബൈ-കൊച്ചി വിമാനത്തിലെത്തിയ 26ഉം 25ഉം വയസുള്ള മഹാരാഷ്ട്ര സ്വദേശികൾ, 31 വയസുള്ള രാജസ്ഥാന് സ്വദേശി, രണ്ടിന് ഡല്‍ഹി-കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള ഉദയംപേരൂര്‍ സ്വദേശിനി, 31ന് നൈജീരിയ-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള മഹാരാഷ്ട്ര സ്വദേശി, അഞ്ചിന് ഖത്തര്‍ – കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള രാമമംഗലം സ്വദേശി, നാലിന് ദുബായ് – കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള പുത്തന്‍വേലിക്കര സ്വദേശി, 31 വയസുള്ള ഏലൂര്‍ സ്വദേശി, 52 വയസുള്ള ചേരാനെല്ലൂര്‍ സ്വദേശി, 12ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 43 വയസുള്ള ആലപ്പുഴ സ്വദേശിനി, നാലിന് ദുബായ് – കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള കടവൂര്‍ സ്വദേശി എന്നിവര്‍ക്കാണു ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
കൂടാതെ 12ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള കൊല്ലം സ്വദേശി, 13ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 53 വയസുള്ള കൊല്ലം സ്വദേശി എന്നിവരും രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുണ്ട്.
ജില്ലയില്‍നിന്നും 114 സാമ്പിളുകള്‍ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . 157 പരിശോധന ഫലങ്ങള്‍ ലഭിച്ചതിലാണു 13 എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആയത്. ഇനി 305 ഫലങ്ങള്‍കൂടി ലഭിക്കാനുള്ളതായും അധികൃതര്‍ അറിയിച്ചു.