കോട്ടയം: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വിലയിരുത്തലിൽ ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് യുണിസെഫിന്റെ ഛത്തീസ്ഗഡ് സംസ്ഥാന മേധാവിയും മലയാളിയുമായ ജോബ് സക്കറിയ അഭിപ്രായപ്പെട്ടു.
ആദ്യ രണ്ടു തരംഗങ്ങളിലും ഇന്ത്യയിലും വിദേശങ്ങളിലും കുട്ടികളിൽ ഒരേ തോതിലാണ് കോവിഡ് ബാധയുണ്ടായത്- ഏഴു ശതമാനം.
മുതിർന്നവരിൽ 40 ശതമാനം വരെ രോഗവ്യാപനത്തോത് ഉയർന്നപ്പോഴും കുട്ടികളിൽ രോഗം ഏഴു ശതമാനത്തിൽതന്നെ തുടർന്നു.
18 വയസിൽ താഴെയുള്ളവർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയിട്ടില്ല എന്നതാണ് പ്രായം കുറഞ്ഞവരിൽ വൈറസ് കൂടുതലായി ബാധിക്കാൻ സാധ്യതയുണ്ടെന്നതിന് അടിസ്ഥാനമായി പറയുന്നത്.
എന്നാൽ ലോകത്ത് ഒരിടത്തും കുട്ടികളിൽ അധികമായ തോതിൽ രോഗവ്യാപനം ഉണ്ടായിട്ടില്ല. വിദേശങ്ങളിലും ഏഴു ശതമാനത്തോടടുത്താണ് കുട്ടികളിലെ കോവിഡ് ബാധ.
ഇന്ത്യയിലെ ജനസംഖ്യയിൽ 40 ശതമാനം 18 വയസിൽ താഴെയുള്ളവരായിരിക്കെ ഒന്നര വർഷത്തിനുള്ളിൽ രോഗബാധിതരിൽ ഏഴു ശതമാനം മാത്രമാണ് കുട്ടികൾ.
കുട്ടികളിലെ മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയും. ശിശുക്കളെ അടുത്ത ഘട്ടത്തിൽ കൂടുതലായി ബാധിക്കും എന്നു പറയുന്നതിൽ ശാസ്ത്രീയ അടിസ്ഥാനമില്ല.
ആഗോളതലത്തിലുള്ള പകർച്ച വ്യാധി നീരീക്ഷണ സ്ഥാപനങ്ങളുടെ സർവേകളിലും ഇത്തരത്തിൽ സൂചന നൽകിയിട്ടുമില്ല.
അതേ സമയം കുട്ടികൾക്ക് കോവിഡ് കൂടിയ തോതിൽ ബാധിച്ചേക്കാമെന്ന മുൻകരുതലിലാണ് കേന്ദ്ര സർക്കാർ ഐസിയു സംവിധാനം ഉൾപ്പെടെ ചികിത്സാ സൗകര്യങ്ങൾ ക്രമീകരിച്ചുവരുന്നത്.
ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
കോവിഡ് മൂന്നാം തരംഗം എന്ന് എവിടെ തുടങ്ങും എന്നതിലും നിലവിൽ ശാസ്ത്രീയമായ വ്യക്തതയില്ല.
കേരളത്തിൽ ഉൾപ്പെടെ കോവിഡ് പ്രതിരോധത്തിൽ വീഴ്ചയും ഉദാസീനതയും തുടരുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്നതിനെ മൂന്നാം തരംഗത്തിന്റെ തുടക്കമായി കാണാനാവില്ല.
നിലവിൽ ചില വിദേശരാജ്യങ്ങളിൽ 12-18 പ്രായപരിധിയിലുള്ളവർക്ക് ഫൈസർ ബയോണ് ടെക് വികസിപ്പിച്ച പ്രതിരോധവാക്സിൻ നൽകുന്നുണ്ട്.
ഇന്ത്യയിൽ ഈ വാക്സിൻ നൽകുന്നതിന് അനുമതിയായിട്ടില്ല. 12 വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള വാക്സിൻ ആഗോളതലത്തിൽ പരീക്ഷണ ഘട്ടത്തിൽ എത്തിയിട്ടേയുള്ളു.
കോവിഡ് വൈറസിന് അടുത്ത ഘട്ടത്തിൽ ഏതു തരത്തിൽ വകഭേദം സംഭവിക്കുമെന്നോ ഏതു പ്രായക്കാരെ കൂടുതലായി ബാധിക്കുക്കുമെന്നോ കൂടുതൽ വിനാശകരമാകുമെന്നോ വൈദ്യശാസ്ത്രപരമായ കണ്ടെത്തലുകളുണ്ടായിട്ടില്ല.
വൈറസിന്റെ തീവ്രത എത്രകാലം തുടരുമെന്നതിലും വ്യക്തതയില്ല.
പൊതു സാഹചര്യങ്ങളുടെയും രോഗവ്യാപനസാധ്യതകളുടെയും അടിസ്ഥാനത്തിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിലവിലെ വിലയിരുത്തലുകൾ.
കർക്കശമായ നിബന്ധനകളും മുൻകരുതലുകളും സ്വീകരിച്ച വിവിധ രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണ വിധേയമായി എന്നത് ശുഭസൂചനയാണ്.
ഇത്തരത്തിൽ ജാഗ്രതയിലും നിയന്ത്രണത്തിലും കോവിഡിനെ നേരിടുകയാണു വേണ്ടതെന്ന് ജോബ് സക്കറിയ പറഞ്ഞു.
മുമ്പ് യുണിസെഫ് കേരളം, തമിഴ് സംസ്ഥാനങ്ങളുടെ മേധാവിയായിരുന്നു കുന്നംകുളം സ്വദേശിയായ ജോബ് സക്കറിയ.
റെജി ജോസഫ്