ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ആശാ പ്രവർത്തകയ്ക്കു കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതോടെ ആശങ്ക ഏറി. നഗരസഭ മൂന്നാം വാർഡിലെ ആരോഗ്യപ്രവർത്തകയ്ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
ഇവരുടെ സന്പർക്കം വളരെ വിപുലമായതിനാൽ പരിശോധന വ്യാപകമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരിക്കുകയാണ്. നിലവിൽ കണ്ടെയ്ൻമെന്റ് സോണായ ഏറ്റുമാനൂരിൽ അവശ്യമെങ്കിൽ ലോക്ക്ഡൗണ് പ്രഖ്യപിക്കുമെന്നാണ് കഴിഞ്ഞ ദിവസം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമൻ അറിയിച്ചത്.
ഇപ്പോൾ ഏറ്റുമാനൂരിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. കോവിഡ് വ്യാപനം ഉണ്ടായ പച്ചക്കറി മാർക്കറ്റ് സ്ഥിതി ചെയ്യുന്ന വാർഡിലെ നഗരസഭാംഗത്തിനു കോവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ ക്വാന്റൈനിലാണ്.
ഏറ്റുമാനൂർ നഗരത്തിലേക്കു വിവിധ ഭാഗങ്ങളിൽ നിന്നുള്ള റോഡുകൾ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചു. ഏറ്റവും അത്യാവശ്യമുള്ളവരെ വിവരങ്ങൾ ചോദിച്ചു മനസിലാക്കി മാത്രമാണ് ഇപ്പോൾ കടത്തി വിടുന്നത്.
അതിരന്പുഴ: അതിരന്പുഴയിൽ ഇന്നലെ നടത്തിയ ആന്റിജെൻ പരിശോധനയിൽ 13 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ കോവിഡ് ബാധിച്ചവരുടെ എണ്ണം 25നു മുകളിലാണ്.
പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്തിരുന്ന ജീവനക്കാരനു പിന്നാലെ കഴിഞ്ഞ ദിവസം പഞ്ചായത്തിലെ സിഡിഎസ് ചെയർപേഴ്സണു കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 14 പേർ ക്വാറന്റൈനിൽ പ്രവേശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ്, സ്ഥിരംസമിതി അധ്യക്ഷ, അതിരന്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, സിപിഎം ഏരിയ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നിവർ കഴിഞ്ഞ 28ന് പഞ്ചായത്തിൽ നടന്ന കോവിഡ് പ്രവർത്തനങ്ങൾ വിലയിരുത്തുന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇവർക്കൊപ്പം ഈ സമയം പഞ്ചായത്തിൽ ജോലിയിലുണ്ടായിരുന്ന പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, ജൂണിയർ സൂപ്രണ്ട്, നാലു ജീവനക്കാരുമാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. പഞ്ചായത്ത് ഓഫീസ് അടച്ചിടണ്ട കാര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
മാർക്കറ്റിലെ തൊഴിലാളികൾക്കും കച്ചവടക്കാർക്കും രോഗം സ്ഥിരീകരിച്ചതോടെ അതിരന്പുഴയിലെ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് സൂചന. പഞ്ചായത്തിലെ 11, 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യപിച്ചെങ്കിലും ഓരോ ദിവസം പിന്നിടുന്പോഴും അതിരന്പുഴയിൽ രോഗികളുടെ എണ്ണം കൂടി വരുകയാണ്.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റ് അടച്ചിരുന്നെങ്കിലും മാർക്കറ്റുമായി ബന്ധപ്പെട്ടിരുന്നവർക്കാണ് ഇപ്പോൾ കൂടുതലും രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.