ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കടന്നുപോയിട്ടില്ലെന്ന് ഇന്ത്യൻ കൗണ്സിൽ ഫോർ മെഡിക്കൽ റിസർച്ച് ആവർത്തിക്കുന്പോൾ മൂന്നാം തരംഗത്തിന്റെ തുടക്കമെന്ന പഠനറിപ്പോർട്ടുമായി ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (പിജിഐഎംഇആർ).
ഇന്ത്യ ഇപ്പോഴും രണ്ടാം തരംഗത്തിന്റെ മധ്യത്തിലാണെന്നാണ് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ ഇന്നലെയും പറഞ്ഞത്.
എന്നാൽ, മൂന്നാം തരംഗം തുടങ്ങിക്കഴിഞ്ഞെന്നും ഇതു കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നുമാണ് പിജിഐഎംഇആർ ചൂണ്ടിക്കാട്ടുന്നത്.
മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കില്ലെന്നും 71% കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായും പിജിഐഎംഇആർ നടത്തിയ സർവേ ഫലത്തിൽ പറയുന്നു.
അതേസമയം, മൂന്നാം തരംഗത്തിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്.
27,000 കുട്ടികളിൽ പിജിഐഎംഇആർ നടത്തിയ പഠനത്തിൽ 71% പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തി.
കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇതു കാണിക്കുന്നതെന്ന് പിജിഐഎംഇആർ ഡയറക്ടർ ഡോ. ജഗത് റാം പറഞ്ഞു.
മഹാരാഷ്ട്രയിലും ഡൽഹിയിലും നടത്തിയ സിറോ സർവേയിൽ 50 മുതൽ 75% വരെ കുട്ടികളിൽ കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തി.
കുട്ടികൾക്ക് ഇതുവരെ വാക്സിൻ നൽകിത്തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിൽ ഈ ആന്റിബോഡികൾ കോവിഡ് മൂലം രൂപപ്പെട്ടതാണ്.
അതിനാൽത്തന്നെ മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു
രണ്ടാം തരംഗത്തിൽ കോവിഡ് കുട്ടികളെയും ബാധിച്ചിരുന്നു. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഒന്നു മുതൽ 10 വയസു വരെയുള്ള കുട്ടികളിൽ രോഗികളുടെ ശതമാനം വർധിച്ചു.
മാർച്ചിലെ 2.8 ശതമാനത്തിൽനിന്ന് ഓഗസ്റ്റായപ്പോൾ ഇത് 7.04 ശതമാനമായാണു വർധിച്ചത്.
നൂറ് രോഗികളിൽ ഏഴു പേർ കുട്ടികളാകുന്ന സാഹചര്യത്തിലേക്ക് കുട്ടികൾ എത്തിയിരിക്കുന്നു. എന്നാൽ, ആശങ്കപ്പെടേണ്ടതില്ല കൃത്യമായ ജാഗ്രത പാലിച്ചാൽ മതിയെന്ന നിർദേശം പിജിഐഎംഇആർ മുന്നോട്ടുവയ്ക്കുന്നു.