ന്യൂഡൽഹി: രാജ്യത്തെയാകെ ആശങ്കയിലാഴ്ത്തി നിയന്ത്രണമില്ലാതെ കേരളത്തിലെ കോവിഡ് കുതിപ്പ്.
രാജ്യത്തെ 46,164 പുതിയ കോവിഡ് കേസുകളിൽ 31,445ഉം കേരളത്തിൽ. തൊട്ടുപിന്നിൽ നിൽക്കുന്ന മഹാരാഷ്ട്ര യിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം 5,031 മാത്രം.
രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3,33,725ൽ എത്തി നിൽക്കുന്പോൾ കേരളത്തിൽ മാത്രം ഇത് 1,70,292 ആണ്.
മഹാരാഷ്ട്ര യിലെ ആക്ടീവ് കേസുകളുടെ എണ്ണം 50,183. രാജ്യത്തെ കോവിഡ് രോഗികളിൽ പകുതിയിലേ റെയും കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചൂണ്ടിക്കാട്ടിയത്.
രാജ്യത്തെ കോവിഡ് കേസുകളിൽ 58.4 ശതമാനവും ആക്ടീവ് കേസുകളിൽ 51.19 ശതമാനവും കേരളത്തിലാണ്.
ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിൽ കൂടുതലുള്ള ഏക സംസ്ഥാനവും കേരളമാണ്. കേരളത്തിൽ പരിശോധനകൾ കൂട്ടണം. രോഗികളുടെ സന്പർക്കപ്പട്ടിക തയ്യാറാക്കുന്നതിലെ പിഴവ് പരിഹരിക്കണം.
കേരളത്തിലെ രോഗികളിൽ ഭൂരിഭാഗവും വീടുകളിൽ ഐസലേഷനിലാണ് കഴിയുന്നത്. ഇവർ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണം.
വാക്സിനേഷൻ വേഗത്തിലാക്കണം. ആവശ്യമായ ഡോസ് വാക്സിൻ നൽകാൻ തയാറാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളതാണ്.
ഉത്സവകാലത്തെ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെത്തിയപ്പോൾ കർശന നിർദേശം നൽകിയിരുന്നെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.
ഓണത്തിനുശേഷം കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നപ്പോൾ കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളിലാണ് മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 5000 കടന്നത്.
ബുധനാഴ്ച കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 എന്ന ഭീതിജനകമായ തോതിലെത്തിയിരുന്നു.
ഡൽഹിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 65 ആണ്. 22 ആക്ടീവ് കേസുകൾ ഉള്ള ഡൽഹിയിൽ ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത് ഒരാൾ മാത്രമാണ്.
3.5 കോടി ജനസംഖ്യയുള്ള കേരളത്തിൽ ഓഗസ്റ്റ് 25ന് റിപ്പോർട്ട് ചെയ്ത് കോവിഡ് കേസുകൾ 31,445 ആണ്.
അതേസമയം 24 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ അതേദിവസം റിപ്പോർട്ട് ചെയ്തത് വെറും 22 കോവിഡ് കേസുകളാണ്.
ഓഗസ്റ്റ് 23ന് യുപിയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വെറും ഏഴ് ആയിരുന്നു. ഓഗസ്റ്റ് 25ന് കേരളത്തിൽ 215 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ യുപിയിൽ അന്നേദിവസം കോവിഡ് ബാധിച്ചു മരിച്ചത് രണ്ടു പേർ മാത്രമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ യുപിയിൽ ഒറ്റ കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടുമില്ല. കേരളത്തിലെ ആക്ടീവ് കേസുകളുടെ എണ്ണം 1.7 ലക്ഷം ആയിരിക്കുന്പോൾ യുപിയിൽ ഇത് 345 മാത്രമാണ്.
ഓഗസ്റ്റ് 25ന് കേരളത്തിൽ 1.65 ലക്ഷം കോവിഡ് ടെസ്റ്റുകൾ നടത്തി 31,445 രോഗികളെ കണ്ടെത്തിയപ്പോൾ ടിപിആർ നിരക്ക് 19.03 % ആണ്.
അതേദിവസം ഉത്തർപ്രദേശിൽ 1.87 ലക്ഷം കോവിഡ് ടെസ്റ്റുകൾ നടത്തിയാണ് 22 രോഗികളെ കണ്ടെത്തിയത്.
യുപിയുടെ അന്നത്തെ ടിആർപി നിരക്ക് 0.01 % ആയിരുന്നു. 1.15 ലക്ഷം ആളുകളെ കോവിഡ് പരിശോധന നടത്തിയിൽ യുപിയിൽ 60% ആർടിപിസിആർ ടെസ്റ്റ് ആയിരുന്നു.
കേരളത്തിൽ 62,428 പേർക്ക് അന്നേദിവസം കോവിഡ് ടെസ്റ്റ് നടത്തിയിൽ 38 % മാത്രമാണ് ആർടിപിസിആർ ടെസ്റ്റ്. കർണാടക – 19,318, തമിഴ്നാട് – 20,370, ആന്ധ്രപ്രദേശ് – 14,601 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ആക്ടീവ് കേസുകളുടെ എണ്ണം. കർണാടകയിൽ – 1,224, തമിഴ്നാട് – 1573, ആന്ധ്രപ്രദേശ് – 1,601 എന്നിങ്ങനെയാണ് പുതിയ കോവിഡ് രോഗികളുടെ എണ്ണം.
• പാളിയതെവിടെ ?
ഇന്ത്യയിൽ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചത് കേരളത്തിലാണെങ്കിലും ഒന്നാം തരംഗത്തിൽ ഏറ്റവും കൂടുതൽ രോഗവ്യാപനം ഉണ്ടായത് മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു.
ഒന്നാം തരംഗത്തിൽ കേരളം കോവിഡ് പ്രതിരോധത്തിൽ ഏറെ മുന്നിട്ടു നിൽക്കുകയും ചെയ്തു.
പക്ഷേ, രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ മുൻധാരണകൾ അപ്പാടെ തകിടംമറിഞ്ഞ് കേരളത്തിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമായി.
ഓണത്തിനും ബക്രീദിനും അടക്കം നിയന്ത്രണങ്ങൾ ഒറ്റയടിക്കു പിൻവലിച്ചതാണ് കേരളത്തിലെ കോവിഡ് കുതിപ്പിനു കാരണമെന്നാണ് വിദഗ്ധരടക്കം ചൂണ്ടിക്കാട്ടുന്നത്.
ഒരു പക്ഷേ, ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിച്ചിരുന്ന ഡൽഹിയിൽ ഇപ്പോൾ പ്രതിദിന കോവിഡ് മരണങ്ങൾ പോലുമില്ലാതായി.
കോവിഡിന്റെ അതിവ്യാപന കാലത്ത് ഉണ്ടായിരുന്ന അതേ പരിശോധനാ നിരക്കും മറ്റ് പ്രതിരോധ സംവിധാനങ്ങളും വാക്സിനേഷനും ഡൽഹിയിൽ നടക്കുന്നുണ്ട്.
സെബി മാത്യു