തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് രോഗവ്യാപനം കൂടുതലായി ഉണ്ടായത് 21 മുതൽ 30 വയസ് വരെയുള്ളവരിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു.
261232 പേർക്കാണ് രോഗം ബാധിച്ചത്. 31 വയസ് മുതൽ 40 വയസ് വരെയുള്ള 252935 പേർക്കും 41 മുതൽ 50 വയസ് വരെയുള്ള 233126 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. രണ്ടാം വ്യാപനം കൂടുതലായി ചെറുപ്പക്കാരെയും മധ്യവയസ്കരെയുമാണ് ബാധിച്ചത്.
മരണ നിരക്ക് ഏറ്റവും കൂടുതലായി കാണപ്പെട്ടത് 81 മുതൽ 90 വയസുവരെയുള്ളവരിലാണ്. ഈ പ്രായക്കാരിൽ 17,105 പേർക്ക് രോഗം ബാധിച്ചതിൽ 502 പേർ മരിച്ചു.
മരണനിരക്ക് 2.93 ശതമാനമാണ്. 71 മുതൽ 80 വയസ് വരെയുള്ളവരിൽ 1.94 ശതമാനവും 91 മുതൽ 100 വയസുവരെയുള്ളവരിൽ 1.55 ശതമാനവുമാണ് മരണനിരക്ക്. രണ്ടാം തരംഗത്തിൽ മരിച്ചവർക്ക് മറ്റു രോഗങ്ങളുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.