ചാലക്കുടി: നഗരസഭ വനിത കൗണ്‍സിലർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭയിലെ കൗണ്‍സിലർമാർ ഒന്നടങ്കം ക്വാറന്റൈനിലേക്ക്. നഗരത്തിലെ സാധാരണക്കാരും ഭീതിയിൽ.
കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച നഗരസഭയിലെ ജീവനക്കാരനെ കൗണ്‍സിൽ യോഗത്തിൽ വിളിച്ചുവരുത്തി ആദരിച്ചതിനെ തുടർന്നg ചെയർപേഴ്സണും വൈസ് ചെയർമാനും സെക്രട്ടറിയുമടക്കം നഗരസഭയിലെ ഉദ്യോഗസ്ഥന്മാരും ഭരണപക്ഷത്തെ ഏതാനും കൗണ്‍സിലർമാരും ക്വാറന്റൈനിൽ പോയിരുന്നു.
ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആയതോടെ ആശ്വസിച്ചിരിക്കുന്പോഴാണു ഭരണപക്ഷത്തെ വനിത കൗണ്‍സിലറുടെ പരിശോധന ഫലം പുറത്തുവന്നത്. ഇതോടെ എല്ലാവരും അങ്കലാപ്പിലായി.
ചെയർപേഴ്സണും വൈസ് ചെയർമാനും സെക്രട്ടറിയും അടക്കം വീണ്ടും ക്വാറന്റൈനിൽ പോയി. ജീവനക്കാരനെ ആദരിച്ച കൗണ്‍സിലിൽ പങ്കെടുത്തിരുന്ന പ്രതിപക്ഷ കൗണ്‍സിലർമാരിൽ രണ്ടുപേരെ ഒഴികെ ക്വാറന്റൈനിൽ പോയിരുന്നില്ല. ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കാത്തതാണ് ക്വാറന്റൈനിൽ പോകാതിരുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്.
ഇതിനെതിരെ ചെയർപേഴ്സണ്‍ പ്രതിപക്ഷത്തിനെതിരെ രംഗത്തു വന്നിരുന്നു. ഇതിന്റെ പേരിൽ രാഷ്ട്രീയപ്പോരു മുറുകിക്കൊണ്ടിരിക്കുന്പോഴാണു വനിത കൗണ്‍സിലർക്കു രോഗം സ്ഥിരീകരിച്ചത്.
വനിത കൗണ്‍സിലർ നഗരസഭ ഓഫീസിൽ വന്നു പോയിട്ടുണ്ടെന്ന് അറിഞ്ഞതോടെ എല്ലാവരും ആശങ്കയിലായി. ഇതോടെ പ്രതിപക്ഷ അംഗങ്ങളും സ്രവ പരിശോധനക്കു തയാറായി സ്വയം ക്വാറന്റൈനിൽ പോയിരിക്കയാണ്.
സ്രവ പരിശോധനക്കു നൽകിയ ശേഷം ക്വാറന്റൈനിലായിരുന്ന വനിത കൗണ്‍സിലർ മാർക്കറ്റിൽ എത്തിയതു മാർക്കറ്റിലെ പ്രവർത്തനത്തെയും അവതാളത്തിലാക്കി.
മാർക്കറ്റ് അണുവിമുക്തമാക്കാൻ സേവനം ചെയ്ത വോളണ്ടിയർമാരായ യുവാക്കളും ഫയർഫോഴ്സിലെ ഏതാനും പേരും ക്വാറന്റൈനിലായിരിക്കയാണ്.
ക്വാറന്റൈനിലിരുന്നിരുന്ന വനിത കൗണ്‍സിലർ മാർക്കറ്റിലേക്ക് എത്തിയത് എങ്ങനെയെന്നും നാട്ടുകാർ ചോദിക്കുന്നു. മാർക്കറ്റിനെ പ്രതിനിധീകരിക്കുന്ന വനിത കൗണ്‍സിലറെ മാർക്കറ്റ് അണുവിമുക്തമാക്കുന്ന സമയത്ത് ഇവിടേക്കു വിളിച്ചുവരുത്തിയതാണെന്നും പറയുന്നു.
നഗരസഭയുടെ കൈവിട്ടുള്ള കളികൾ നഗരത്തെ ഭീതിയിലാഴ്ത്തിയിരിക്കയാണ്.