കോട്ടയം: തമിഴ്നാടും കർണാടകവും കോവിഡ് നിയന്ത്രണ മാർഗനിർദേശങ്ങൾ കർക്കശമാക്കിയതോടെ മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്തുക ദുഷ്കരമാകും.
കോവിഡ് വാക്സിനേഷൻ രണ്ടും എടുത്തവർക്കു തമിഴ്നാട്ടിലേക്കു തടസമില്ല. എന്നാൽ കർണാടകത്തിൽ കുറഞ്ഞത് 72 മണിക്കൂർ മുൻപുള്ള ആർടിസിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
എന്നാൽ നാട്ടിൽ പതിവായി പോയി വരുന്ന വിദ്യാർഥികൾക്ക് 15 ദിവസത്തിനു മുൻപുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
ഇത്തരത്തിൽ ഇളവുണ്ടെങ്കിലും മലയാളി വിദ്യാർഥികൾ ഓണത്തിനു നാട്ടിലെത്താൻ താത്പര്യപ്പെടുന്നില്ല.
ഓണത്തിനു ശേഷം കേരളത്തിൽ രോഗവ്യാപനം അതിവേഗത്തിൽ കൂടാനുള്ള സാധ്യത മുന്നിൽകണ്ടാണ് പ്രവാസികൾ നാട്ടിൽ ഓണത്തിന് വരാൻ താത്പര്യപ്പെടാത്തത്.
ഈ രേഖകളില്ലാതെ എത്തുന്നവരെ രണ്ടു സംസ്ഥാനങ്ങളിലും കോവിഡ് പരിശോധനയ്ക്കു ശേഷമേ പുറത്തുവിടൂ.
72 മണിക്കൂറിനു മുൻപുള്ള ആർടിപിസിആർ സർട്ടിഫിക്കറ്റുമായി വരുന്നവരെ കർണാടകത്തിൽ വീണ്ടും ഇതേ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ഇതേത്തുടർന്ന് നിലവിലെ റിസർവേഷനും റദ്ദാക്കാൻ ഏറെപ്പേർ നിർബന്ധിതരാകുന്നു. അതേസമയം ആന്ധ്രാ പ്രദേശ്, തെലങ്കാന, ബംഗാൾ, ആസാം, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നും നിയന്ത്രണമില്ല.
കോവിഡ് വ്യാപനം കൂടിവരികയും മൂന്നാം വ്യാപനത്തിനു സാധ്യത മുന്നിൽ കാണുകയും ചെയ്യുന്നതിനാൽ ഓണത്തിന് സ്പെഷൽ ട്രെയിനുകൾ ഓടിക്കാൻ സാധ്യത കുറവാണ്.
കോട്ടയത്തേക്കുള്ള വിദ്യാർഥികളും പ്രവാസി ജോലിക്കാരും ഓണത്തിന് നാട്ടിലെത്താനുള്ള സാധ്യത കുറയുകയാണ്. മടക്കയാത്രയ്ക്കു ശേഷം തിരികെയെത്തി ക്വാറന്റൈനിൽ കഴിയേണ്ടിവരുന്ന സാഹചര്യവുമുണ്ട്.
കോവിഡിൽ കെഎസ്ആർടിസി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും സ്പെഷൽ സർവീസുകൾ ഓടിക്കുന്നില്ല. സ്പെഷൽ ബസുകൾക്കും സാധ്യതയില്ല. വിമാന ചാർജിലും വലിയ വർധനയാണുണ്ടായിരിക്കുന്നത്.