ജനീവ: കോവിഡ് 19ന്റെ വകഭേദം വന്ന ഡെൽറ്റ വൈറസ് വാക്സിനെടുക്കാത്തവരിൽ ദ്രുതഗതിയിൽ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.
ഡെൽറ്റ വകഭേദം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണെങ്കിലും 85 രാജ്യങ്ങളിൽ ഇതിനൊടകം വൈറസ് കണ്ടെത്തിയതായി ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഗബ്രിയേസസ് പറഞ്ഞു.
അപകടകാരികളായ വൈറസുകളുടെ ഗണത്തിലാണ് ഡെൽറ്റ വൈറസിനെ ഡബ്ല്യുഎച്ച്ഒ പെടുത്തിയിരിക്കുന്നത്. ഇവ ആൽഫയെക്കാൾ കൂടുതൽ അപകടകാരിയാണ്.
ഡെൽറ്റയുടെ ബി.1.617.1 , ബി. 1. 617.2 വകഭേദങ്ങൾ ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണ്. മഹാരാഷ്ട്രയിലാണ് ഇവ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ 35 സംസ്ഥാനങ്ങളിലായി 174 ജില്ലകളി ഡെൽറ്റ വൈറസ് വ്യാപിക്കുന്നുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് മാനദണ്ഡങ്ങളിൽ അയവു വരുത്തിയത് ആശങ്കയുണർത്തുന്നു. കോവിഡ് കേസുകൾ ഉയരുന്പോൾ വകഭേദങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. മരണസംഖ്യയും ഉയരും: ഗബ്രിയേസസ് പറഞ്ഞു.
ഇതിനിടെ, ഡെൽറ്റ വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് ബംഗ്ലാദേശിൽ തിങ്കളാഴ്ച മുതൽ സന്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലെ സിഡ്നിയിലും ഇന്നലെമുതൽ ലോക്ഡൗൺപ്രഖ്യാപിച്ചു.