ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഉണ്ടായേക്കാമെന്ന് എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേരിയ.
രണ്ടാം തരംഗത്തെപ്പോലെ ഗുരുതരമാകില്ല മൂന്നാം തരംഗമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ വേഗത്തിൽ നടക്കുന്നതും രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ടിനും കോവിഡിനെ പ്രതിരോധിക്കാൻ ശരീരത്തിൽ ആന്റിബോഡി ഉണ്ടായതായി കണ്ടെത്തിയതും പ്രതീക്ഷ നൽകുന്നതാണെന്നും രണ്‍ദീപ് ഗുലേരിയ പറഞ്ഞു.
കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തെപ്പോലെ അത്ര ഗുരുതരമാകില്ലെന്നാണ് രാജ്യത്തെ പ്രമുഖ ശ്വാസകോശരോഗ വിദഗ്ധൻ പ്രവചിച്ചത്.
ഐസിഎംആറിന്റെ സിറോ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവചനം.
രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ടിനും കോവിഡിനെ ചെറുക്കാൻ ശരീരത്തിൽ ആന്റിബോഡി ഉണ്ടായിട്ടുണ്ട്. ഇത് പ്രതീക്ഷ നൽകുന്നതാണെന്ന് എയിംസ് ഡയറക്ടർ പറയുന്നു.
എന്നാൽ, സംസ്ഥാനങ്ങൾ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതും ജനം കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതിരിക്കുന്നതും കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.
സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ.
കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്നാണ് വിവിധ പഠനറിപ്പോർട്ടുകൾ. എന്നാൽ താൻ ഇങ്ങനെ ചിന്തിക്കുന്നില്ലെന്നും രണ്‍ദീപ് ഗുലേരിയ പറയുന്നു.
കോവിഡ് ഒന്ന്, രണ്ട് തരംഗങ്ങളിൽ കുട്ടികളിലും വൈറസ് ബാധ കണ്ടെത്തിയിരുന്നു. നേരിയ ലക്ഷണങ്ങളോടെ രോഗം വന്നുപോയി.
കൂടാതെ ആറ് വയസിന് മുകളിലുള്ള രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിനും ശരീരത്തിൽ ആന്റിബോഡി ഉണ്ടായതായുള്ള കണ്ടെത്തലും പ്രതീക്ഷ നൽകുന്നതാണെന്നും എയിംസ് ഡയറക്ടർ പറഞ്ഞു.
കുട്ടികൾക്കുള്ള വാക്സിൻ ഉടൻതന്നെ വിതരണത്തിനെത്തും. പ്രമുഖ കന്പനികളായ ഭാരത് ബയോടെക്കും സൈഡസ് കാഡിലയുമാണ് വാക്സിൻ വികസിപ്പിച്ചത്.
സൈഡസ് കാഡിലയുടെ വാക്സിൻ പരീക്ഷണം പൂർത്തിയാതി. സെപ്റ്റംബറിൽ വാക്സിൻ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.