ന്യൂഡൽഹി: ഓണത്തോടനുബന്ധിച്ച ലോക്ഡൗൺ ഇളവുകൾ കേരളത്തിൽ ഗുരുതര സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന് കേന്ദ്ര വിദഗ്ധ സംഘം.
ടൂറിസം മേഖല തുറന്നുകൊടുത്തതും ലോക്ഡൗൺ ഇളവുകളും ദോഷമാകുമെന്നാണ് കേരളത്തിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയ കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്.
ഈ മാസം ഒന്നു മുതൽ 20 വരെ സംസ്ഥാനത്ത് ഏകദേശം 4.6 ലക്ഷം കോവിഡ് കേസുകൾ ഉണ്ടായേക്കാമെന്നും കേന്ദ്ര ടീമിന് നേതൃത്വം നൽകിയ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡോ. സുജീത് സിംഗ് പറഞ്ഞു.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് കേന്ദ്ര സംഘം സന്ദർശിച്ചത്.
കേരളത്തിൽ വാക്സിൻ സ്വീകരിച്ചവരിലും രോഗം കണ്ടെത്തിയത് ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്നും ഡോ. സുജിത് സിംഗ് പറയുന്നു.
പത്തനംതിട്ട ജില്ലയിൽ മാത്രം ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ 14,974 പേർക്ക് കോവിഡ് പിടിപെട്ടപ്പോൾ രണ്ട് ഡോസും സ്വീകരിച്ചവരിൽ 5,042 പേർക്ക് രോഗം ബാധിച്ചു.
എട്ട് ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികം ആണ്. ചില സ്ഥലങ്ങളിൽ ഇത് വർധിക്കുന്നതായും കണ്ടെത്തി.
സംസ്ഥാനത്തെ കോവിഡ് കേസുകളിൽ 80 ശതമാനത്തിലധികവും ഡെൽറ്റ വകഭേദമാണെന്നതും ആശങ്ക വർധിപ്പിക്കുന്നു.
വീടുകളിലെ നിരീക്ഷണം ഫലപ്രദമാകുന്നില്ലെന്നും കേന്ദ്ര സംഘം ചൂണ്ടിക്കാട്ടുന്നു. നഗരഗ്രാമ അന്തരം ഇല്ലാത്തതാണ് സംസ്ഥാനത്ത് രോഗവ്യാപനത്തിന് കാരണമാകുന്നത്.
കേരളത്തിൽ 55 ശതമാനം പേർക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. ഇതും കോവിഡ് കേസുകൾ ഉയരാൻ ഇടയാക്കുന്ന കണക്കാണ്.
കേരളത്തിൽ മുതിർന്ന പൗരൻമാരുടെ എണ്ണം കൂടുതലായതിനാൽ രോഗവ്യാപനം തീവ്രമായാൽ മരണസംഖ്യയും കുതിച്ചുയർന്നേക്കുമെന്നും ആശങ്കയുണ്ട്.
പ്രാദേശിക ലോക്ഡൗൺ കർശനമാക്കണമെന്ന് കേന്ദ്രസംഘം റിപ്പോർട്ടിൽ നിർദേശിക്കുന്നു.