തൊടുപുഴ: ഇടുക്കി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശിയുടെ പ്രാഥമിക സന്പർക്ക പട്ടികയിൽ 1,500 പേർ വരുമെന്ന് സൂചന.
39 കാരനായ ഇയാളുടെ പുറ്റടിയിലെ ബേക്കറിയിൽ അഞ്ച് മിനിറ്റിലേറെ ചിലവഴിച്ചവരെ നിരീക്ഷണത്തിലാക്കേണ്ടി വരും. സെന്റിനൽ സർവൈലൻസ് പ്രകാരം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
സെന്റിനൽ സർവെയിലൻസിന്റെ ഭാഗമായി ബേക്കറി ഉടമ ഉൾപ്പെടെ 40 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 39 പേരുടെ ഫലം നെഗറ്റീവാണ്.
ബേക്കറിയുടമ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു വരെ കടയിൽ ഉണ്ടായിരുന്നെന്നാണ് വിവരം. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ബേക്കറിയിലെത്തിയവരെ പ്രത്യേകം നിരീക്ഷിക്കേണ്ടി വരും.
ഭാര്യയും അഞ്ചും ഒൻപതും വയസ്സുള്ള രണ്ട് കുട്ടികളുമാണ് ബേക്കറി ഉടമയുടെ വീട്ടിലുള്ളത്. ഭാര്യയും കുട്ടികളും നിരീക്ഷണത്തിലാണ്.
പുറ്റടിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച യുവാവുമായി ബേക്കറി ഉടമയ്ക്ക് സന്പർക്കം ഉണ്ടായിട്ടില്ലെന്നാണ് സൂചന. അതിനാൽ രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ചരക്ക് ലോറി ഡ്രൈവർമാരിൽ നിന്നാകാം രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം.
ഓറഞ്ച് സോണിൽ ഉൾപ്പെട്ട ജില്ലയിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി രോഗികൾ ഇല്ലായിരുന്നു. അവസാന രോഗിയായ ഏലപ്പാറയിലെ ആശാവർക്കർ ആശുപത്രി വിട്ടതോടെ ഒരു കോവിഡ് രോഗി പോലും ജില്ലയിൽ ചികിത്സയിൽ ഇല്ലായിരുന്നു.
ജില്ലയിൽ ഏറ്റവും അവസാനം രോഗം സ്ഥിരീകരിച്ചത് ഏപ്രിൽ 27-നായിരുന്നു. 18 ദിവസത്തിനു ശേഷമാണ് വീണ്ടും ഒരാൾക്ക് കൂടി രോഗ ബാധ റിപ്പോർട്ട് ചെയ്യുന്നത്.
മേയ് ഒൻപതിനാണ് അവസാന രോഗി ആശുപത്രി വിട്ടത്. ഇതോടെ ഓറഞ്ച് സോണിലായിരുന്ന ജില്ലയ്ക്ക് കൂടുതൽ ഇളവുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പുതിയ രോഗിയെ കണ്ടെത്തിയതോടെ അതെല്ലാം അസ്ഥാനത്തായി. ജില്ലയിൽ ഇതുവരെ 25 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്.