സെബി മാത്യു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന മുന്നറിയിപ്പുമായി കേന്ദ്രം. മോശം അവസ്ഥയിൽനിന്നു വളരെ മോശം അവസ്ഥയിലേക്കു മാറുന്നു എന്നാണാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിഗമനം.
പ്രതിരോധത്തെ മറികടന്നു വൈറസ് അതിശക്തമായി തിരിച്ചടിക്കുകയാണെന്നു നീതി ആയോഗ് അംഗവും വാക്സിൻ അഡ്മിനിസ്ട്രേഷൻ ദേശീയ വിദഗ്ധ സമിതി ചെയർമാനുമായ ഡോ. വി.കെ. പോൾ പറഞ്ഞു.
എന്നാൽ, നിലവിലെ കോവിഡ് വ്യാപനം ജനിതക മാറ്റം വന്ന വൈറസുകൾ മൂലമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
24 മണിക്കൂറിനിടെ 56,000ത്തി ലെ അധികം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതിനാൽ കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും എല്ലാവരും കർശനമായി പാലിക്കണം.
മാസ്ക് ധരിക്കാത്തവർക്ക് പിഴ ചുമത്തുന്നത് ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കണമെന്നും ഡോ. വി.കെ. പോൾ പറഞ്ഞു.
ഐസൊലേഷൻ കൃത്യമായി പാലിക്കാത്തവരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഐസൊലേഷൻ നടപടികൾ കൃത്യമായി നടക്കുന്നില്ല.
വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിക്കുന്പോൾ തന്നെ ബന്ധുക്കളുമായി അടുത്തിടപഴകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാജ്യത്ത് വിവിധ ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്.
വൈറസ് വ്യാപനം തടയാൻ എല്ലാവിധ നടപടികളും സ്വീകരിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പു നൽകി.
ഏറ്റവും ഗുരുതരമായ അവസ്ഥയാണു ഡൽഹിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതീവ ഗുരുതര സാഹചര്യമുള്ള പത്തു ജില്ലകളുടെ കൂട്ടത്തിൽ രണ്ടെണ്ണം ഡൽഹിയിലാണ്. മറ്റ് എട്ടു ജില്ലകൾ മഹാരാഷ്ട്രയിലും.
ജനിതകമാറ്റം വന്ന വൈറസുകൾ ഇന്ത്യയിൽ ഒറ്റപ്പെട്ട സംഭവമാണ്. ഇപ്പോഴത്തെ രോഗവ്യാപനത്തിനു കാരണം മറ്റു രാജ്യങ്ങളിൽ കണ്ടെത്തിയതു പോലുള്ള ജനിതക മാറ്റം വന്ന വൈറസുകൾ അല്ലെന്നും അക്കാര്യത്തിൽ പരിഭ്രാന്തി വേണ്ടെന്നും ഡോ. വി.കെ. പോൾ വിശദീകരിച്ചു.
പത്തു ദേശീയ ലബോറട്ടറികളിലായി 11,064 ജീനോം സാന്പിളുകൾ പരിശോധിച്ചതിൽ ജനിതകമാറ്റം വന്ന യുകെ വൈറസ് 807, ദക്ഷിണാഫ്രിക്കൻ 47, ഒരു ബ്രസീലിയൻ വൈറസുമാണ് കണ്ടെത്തിയത്.
ജനിതക മാറ്റം വന്ന യുകെ, ബ്രസീലിയൻ വൈറസുകൾക്കെതിരേ കോവാക്സിനും കോവിഷീൽഡ് വാക്സിനുകളും ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കൻ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടെത്താനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ഡോ.ഹർഷവർധനും വ്യക്തമാക്കിയിരുന്നു.
രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ പ്രായപരിധി മുൻഗണന ഉള്ളവർക്കുള്ള വാക്സിൻ വിതരണം എത്രയും വേഗം പൂർത്തിയാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.
മാർച്ച് 30 വരെ 6.11 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്. വാക്സിനേഷനായി എല്ലാ സ്വകാര്യ ആശുപത്രികളെയും ഉപയോഗിക്കണം.
വാക്സിൻ നൽകുന്നതിനും കാത്തിരിക്കുന്നതിനും നിരീക്ഷണത്തിനും സൗകര്യമുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തണം.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പഞ്ചാബിന്റെ നടപ ടികൾ തൃപ്തികരമല്ല.
മഹാരാഷ്ട്രയിൽ 3.37 ലക്ഷം ആക്ടീവ് കേസുകളുണ്ട്. മഹാരാഷ്ട്രയിലെ പ്രതിദിന മരണനിരക്ക് ഫെബ്രുവരിയിൽ 32 ആയിരുന്നതിൽനിന്ന് 118ലേക്ക് എത്തി.