ന്യൂഡൽഹി: യൂറോപ്പിലും അമേരിക്കയിലും കോവിഡ് മൂന്നാം തരംഗം ശക്തി പ്രാപിച്ചിരിക്കുകയാണ്. രണ്ടാം തരംഗം വിട്ടൊഴിയാത്ത ഇന്ത്യയ്ക്ക് മൂന്നാം തരംഗം ഭീഷണി സൃഷ്ടിക്കുമോ എന്നാണ് ആരോഗ്യമേഖല ഉറ്റുനോക്കുന്നത്.
എന്നാൽ ഇന്ത്യയിൽ മൂന്നാം തരംഗം കാര്യമായ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നാണ് എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയയുടെ വിലയിരുത്തൽ.
രണ്ടാം തരംഗത്തിൽ രാജ്യത്ത് വലിയ തോതിൽ രോഗബാധയുണ്ടായതും ജനസംഖ്യയിലെ ഭൂരിഭാഗത്തിനും വാക്സിൻ ലഭിച്ചതും ഇന്ത്യയിൽ തീവ്രത കുറയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
മൂന്നാം തരംഗത്തിലും രാജ്യത്ത് രോഗബാധിതരുടെ എണ്ണം കൂടിയേക്കാം. എന്നാൽ മരണസംഖ്യയും ഗുരുതരാവസ്ഥയിലേക്ക് പോകുന്നവരുടെ എണ്ണവും കൂടാൻ സാധ്യതയില്ല. നിലവിലെ സാഹചര്യമനുസരിച്ച് രാജ്യത്ത് ബൂസ്റ്റർ ഡോസിന്റെ ആവശ്യമില്ലെന്നും എയിംസ് ഡയറക്ടർ പറയുന്നു.