സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ രാജ്യത്തെ പല സോണുകളായി വിഭജിച്ച് ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയേക്കും. റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചായിരിക്കും നിയന്ത്രണങ്ങൾ.
വൈറസ് വ്യാപനത്തിന്റെ വ്യാപ്തി കണക്കിലെടുത്തായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. തുടർച്ചയായ ലോക്ക്ഡൗണ്‍ സന്പദ്ഘടനയെ ബാധിച്ചേക്കാം എന്നതിനാലാണ് പ്രത്യേക മേഖലകളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാൻ ഒരുങ്ങുന്നത്.
കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായ മേഖലയാണ് റെഡ് സോണ്‍. അവിടെ യാതൊരു തരത്തിലുമുള്ള പ്രവർത്തനങ്ങളും അനുവദിക്കില്ല. രോഗബാധിതരുടെ എണ്ണം വലിയതോതിൽ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കും.
പതിനഞ്ചിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങൾ റെഡ് സോണുകളാകും. താരതമ്യേന രോഗബാധ കുറവുള്ള മേഖലകളെയാണ് ഓറഞ്ച് സോണിൽ ഉൾപ്പെടുത്തുക. ഈ മേഖലകളിൽ അത്യാവശ്യം പ്രവർത്തനങ്ങൾ അനുവദിക്കും.
കൃഷി വിളവെടുപ്പ്, നിയന്ത്രിതമായ തോതിൽ പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ അനുവദിക്കും. കൊറോണ ബാധിതരുടെ എണ്ണം വളരെ കുറഞ്ഞ സ്ഥലങ്ങളാണ് ഓറഞ്ച് സോണിൽ വരിക.
കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സ്ഥലങ്ങൾ ഗ്രീൻ സോണായി പ്രഖ്യാപിക്കും. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇവിടെ അനുവദിക്കും.
സാമൂഹ്യ അകലം പാലിച്ചുകൊണ്ടു സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങൾ പ്രവർത്തിക്കാൻ അനുവദിച്ചേക്കും. പൊതുഗതാഗതവും അനുവദിച്ചേക്കും. രാജ്യത്തു കോവിഡ് വ്യാപനം നടക്കാത്ത 400 ജില്ലകളുണ്ടെന്നാണു വിവരം.
ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ 14ന് അവസാനിക്കും. അതിനുശേഷമാകും പുതിയ രീതിയിലുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുകയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ, ട്രെയിൻ സർവീസ്, അന്തർ സംസ്ഥാന ബസ് സർവീസുകൾ, അന്തർ ജില്ലാ സർവീസുകൾ എന്നിവ ഉടൻ ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.