ന്യൂഡൽഹി: കോവിഡ് ക്ഷയിപ്പിച്ച ഇന്ത്യൻ വ്യവസായ രംഗത്തെ വിദേശ ശക്തികൾ വിഴുങ്ങാൻ അനുവദിക്കരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ കോർപ്പറേറ്റുകളെ വിദേശ കുത്തകകളിൽനിന്ന് രക്ഷിക്കണമെന്ന് രാഹുൽ ട്വിറ്ററിൽ ആവശ്യപ്പെട്ടു.
ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ (എച്ച് ഡി എഫ് സി) 1.01 ശതമാനം ഓഹരികൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഏറ്റെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പ്രതികരണം.
വൻ സാമ്പത്തിക മാന്ദ്യം പല ഇന്ത്യൻ കോർപ്പറേറ്റുകളെയും ദുർബലരാക്കി. ഇതോടെ ഇവ വിദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാനാകും വിധമായി.
രാജ്യത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ഏതെങ്കിലും ഇന്ത്യൻ കോർപ്പറേറ്റുകളെ ഏറ്റെടുക്കാൻ വിദേശ താൽപ്പര്യങ്ങളെ അനുവദിക്കരുതെന്ന് രാഹുൽ ആവശ്യപ്പെട്ടു.
മാർച്ച് അവസാന പാദത്തിൽ എച്ച്ഡിഎഫ്സിയിൽ 1.75 കോടി ഓഹരികളാണ് ചൈന സെൻട്രൽ ബാങ്ക് ഏറ്റെടുത്തത്. എച്ച്ഡിഎഫ്സിയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞതോടെയാണ് ചൈനയുടെ സെൻട്രൽ ബാങ്ക് ചാടിവീണത്.
കോവിഡ് വ്യാപനം മൂലം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ കുറവ് ഈ വര്‍ഷം പ്രതീക്ഷിക്കാമെന്നാണ് ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നത്.
ഐഎംഎഫ് സാമ്പത്തിക രംഗത്തെ ആഗോള മാന്ദ്യവും പ്രവചിച്ചിട്ടുണ്ട്. സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെ ലോകരാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും ഐഎംഎഫ് ചുണ്ടികാട്ടുന്നു.