ന്യൂഡൽഹി: രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 9,152 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35 പേർ മരിച്ചതായും 796 പേർക്ക് വൈറസ് സ്ഥീരീകരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 308 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. അതേസമയം വലിയ ഭീതിക്കിടയിലും ആശ്വാസം പകർന്ന് 857 പേർ രോഗമുക്തരായി.
ഏറ്റവും കൂടുതൽ പോസിറ്റീവ് കേസും മരണവും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 1,985 ആയി വർധിച്ചു, 149 പേർ മരിച്ചു. 217 പേർക്ക് രോഗംഭേദമായി.
ഡൽഹിയിൽ രോഗ ബാധിതർ 1,154 ആയി. 24 പേർ മരിച്ചു. തമിഴ്നാട്ടിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു. 1075 രോഗികളിൽ 11 പേർ മരിച്ചു. 50 പേർ രോഗമുക്തരായി ആശുപത്രിവിട്ടു.
മറ്റു സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. രാജസ്ഥാനിൽ രോഗികളുടെ എണ്ണം 804 ആയി. മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളില്‍ യഥാക്രമം 532, 516, 504 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. കേരളത്തില്‍ 375 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
മലയാളി നഴ്സുമാർക്ക് കൊറോണ
മഹാരാഷ്ട്രയിൽ മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. പൂന, മുംബൈ എന്നിവിടങ്ങളിലെ നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പൂനയിലെ റൂബി ഹാൾ ആശുപത്രിയിലെ രണ്ട് നഴ്സുമാർക്കും ഭാട്ടിയ ആശുപത്രിയിലെ ഒരു മലയാളി നഴ്സിനുമാണ് രോഗം കണ്ടെത്തിയത്.റൂബി ഹാൾ ആശുപത്രിയിലെ രോഗം സ്ഥിരീകരിച്ച നഴ്സുമാരുമായി നേരിട്ട് ബന്ധംപുലർത്തിയ 36 നഴ്സുമാരെ ക്വാറന്റൈൻ ചെയ്തു.
ഭാട്ടിയ ആശുപത്രിയിൽ ഇതുവരെ അഞ്ച് മലയാളി നഴ്സുമാർക്കാണ് രോഗം പിടിപെട്ടത്. മലയാളി നഴ്സുമാർ ഉൾപ്പെടെ ഭാട്ടിയ ആശുപത്രിയിൽ ആകെ 37 നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ലോകത്താകെ മരണം 1,14,270
ലോകത്താകെ കോവിഡ്19 ബാധിച്ചുള്ള മരണം 1.14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5,274 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 1,14,270 ആയി ഉയർന്നു. 4,27,801 പേർ സുഖം പ്രാപിച്ചു. 210 രാജ്യങ്ങളിലായി 18,53,604 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 69,540 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു.
ഇതിൽ 25,568 കേസുകളും അമേരിക്കയിലാണ് സ്ഥിരീകരിച്ചത്. ലോകത്തിൽ കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നതും അമേരിക്കയിലാണ്.
അമേരിക്കയിൽ ഇതിനോടകം 22,115 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 5,60,433 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മാത്രം 1,414 പേരാണ് ഇവിടെ മരിച്ചത്. അമേരിക്കയിലെ ന്യൂയോർക്കിലാണ് കൂടുതൽ ആളുകൾ മരിച്ചത്. 9,385 പേരാണ് ന്യൂയോർക്ക് കോവിഡ് ബാധിച്ച് മരിച്ചത്.
ഇറ്റലിയിലും മരണസംഖ്യ ഇരുപതിനായിരതോട് അടുക്കുകയാണ്. 19,899 പേരാണ് ഇറ്റലിയിൽ മരിച്ചത്. ബ്രിട്ടണിലും മരണസംഖ്യ 10,000 കടന്നു. ഇന്നലെ ബ്രിട്ടണിൽ 737 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 10,612 ആയി ഉയർന്നു. സ്പെയിൻ (17,209), ഫ്രാൻസ് (14,393) തുടങ്ങിയ രാജ്യങ്ങളിലും മരണസംഖ്യ ഉയരുകയാണ്.