ന്യൂഡൽഹി: കോവിഡിൽ രാജ്യത്ത് ഉയരുന്നത് ആശ്വാസ കണക്കുകൾ. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,52,734 കേസുകളാണ്.
ഇതോടെ തുടർച്ചയായി ഏഴാം ദിവസവും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയായി.
3,128 പേർ കോവിഡ് ബാധിച്ച് മരിക്കുകയും 2,38,022 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,80,47,534 ആയി ഉയർന്നു. ഇതുവരെ 3,29,100 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
ആകെ 2,56,92,342 പേർ രോഗമുക്തി നേടി. നിലവിൽ 20,26,092 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 21,31,54,129 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഈ മാസം ആദ്യം ഇന്ത്യയിലെ പ്രതിദിന കേസുകൾ ഒരു ദിവസം 4.14 ലക്ഷത്തിലെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളിലായി കേസുകളിൽ കാര്യമായ കുറവുണ്ട്.
രണ്ടാം തരംഗം കെട്ടടങ്ങുന്നു
കോവിഡ് മരണങ്ങൾ കുറയുന്നതും രാജ്യത്തെ കോവിഡ് രണ്ടാം തരംഗം കെട്ടടങ്ങുന്ന സൂചനകളാണ് നൽകുന്നത്. പ്രതിദിനമരണസംഖ്യ മൂവായിരത്തിന് താഴെയാണിപ്പോൾ.
പ്രതിവാര സംഖ്യയിൽ കഴിഞ്ഞ ആഴ്ചയേക്കാൾ 5000 ത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. ആകെ 24000 മരണങ്ങളാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. അതിന് മുന്പുള്ള ആഴ്ചയിൽ 29000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഡൽഹി അടക്കമുള്ള നഗരങ്ങളിൽ ഓക്സിജൻ സിലിണ്ടറിനായുള്ള ആവശ്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ വ്യവസായങ്ങൾക്കുള്ള ഓക്സിജൻ വിലക്ക് കേന്ദ്രസർക്കാർ നീക്കുമെന്നാണ് സൂചന.