ഒരാളില്‍ കോവിഡ് – 19 പ്രമേഹത്തിന് കാരണമായിട്ടുണ്ടോ എന്ന് എങ്ങനെ മനസിലാക്കാനാവും?
കോവിഡ് ബാധിച്ചവരില്‍, HbA1c എന്ന പരിശോധന നടത്തിയാല്‍ കഴിഞ്ഞ മൂന്ന് മാസത്തെ രക്തത്തിലെ ശരാശരി ഗ്ലൂക്കോസിന്റെ അളവ് ലഭിക്കും.
ഈ നിരക്ക് കൂടിയ അളവിലാണെങ്കില്‍ രോഗിക്ക് കോവിഡ് – 19 ബാധിക്കുന്നതിനു മുന്നേ തന്നെ പ്രമേഹം ഉണ്ടെന്നാണ് അര്‍ഥം.
HbA1c നോര്‍മല്‍ ആണെങ്കില്‍, കോവിഡ് നെഗറ്റീവായി കഴിഞ്ഞ് രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ പരിശോധിക്കണം.
കോവിഡ് ചികിത്സക്കായി സ്റ്റിറോയിഡ് ഉപയോഗിച്ചിരുന്നെങ്കില്‍, അത് നിര്‍ത്തിയതിന് ശേഷമാണ് ഈ പരിശോധന നടത്തേണ്ടത്.
സ്റ്റിറോയിഡിന്റെ ഉപയോഗമോ കോവിഡോ ആണ് ബ്ലഡ് ഷുഗര്‍ വര്ധിപ്പിച്ചതെങ്കില് കോവിഡ് മാറിയ ശേഷം ഇതു സാധാരണ ഗതിയിലാകും.
കോവിഡ് നെഗറ്റീവായി ആഴ്ചകള്‍ക്കു ശേഷവും സ്റ്റിറോയിഡ് ഉപയോഗം നിര്‍ത്തിയതിനു ശേഷവും ബ്ലഡ് ഷുഗര്‍ നില ഉയര്‍ന്നു തന്നെയാണെങ്കില്‍ കോവിഡാണ് പ്രമേഹത്തിന് കാരണമായത് എന്നു പറയാം.
? ഈ വിവരങ്ങള്‍ ചികിത്സയ്ക്ക് എങ്ങനെ സഹായകമാകും
ഗ്ലൂക്കോസിന്റെ അളവിലെ വര്‍ധന മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടു താത്കാലികമായി ഉണ്ടായതാണോ, ദീര്‍ഘകാല ശ്രദ്ധ ആവശ്യമുള്ളതാണോ എന്ന് ഈ വിവരങ്ങള്‍ വഴി ഡോക്ടര്‍ക്ക് മനസിലാക്കാനാവും.
ആദ്യത്തെ കേസില്‍, കോവിഡ് ഭേദമാകുന്നതോടെയോ സ്റ്റിറോയിഡ് ചികിത്സ നിര്ത്തുന്നതോടെയോ ബ്ലഡ് ഷുഗര്‍ സാധാരാണ നിലയിലാകും.
കൊറോണ ഭേദമായി കഴിഞ്ഞ് പ്രമേഹം നിയന്ത്രിക്കുന്നതിനായി പ്രത്യേക ചികിത്സയൊന്നും ഇത്തരം സാഹചര്യത്തില്‍ ആവശ്യമില്ല.
? കോവിഡ് – 19 ബാധിച്ചാല്‍ പ്രമേഹമുള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണം
* പ്രമേഹമുള്ളവര്‍ക്ക് കൊറോണ പിടിപ്പെട്ടാല്‍ വൃക്ക, ഹൃദയം, കണ്ണ് എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇത്തരം രോഗികള്‍ ബ്ലഡ് ഷുഗര്‍ നിയന്ത്രണവിധേയമായി നിലനിര്‍ത്താന്‍ എല്ലാ പരിശ്രമവും നടത്തണം.
* ഭക്ഷണക്രമം, വ്യായാമം, മരുന്ന് എന്നിവയില്‍ അതീവ ശ്രദ്ധ വേണം.
* ഗുരുതരമായ കോവിഡ് പിടിപെടാന്‍ സാധ്യത കൂടുതലായ ‘ഹൈ റിസ്ക്ക് ഗ്രൂപ്പില്‍’ ഉള്‍പ്പെടുന്നതിനാല്‍ ഇവര്‍ എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതുണ്ട്.
രോഗം ഗുരുതരമാകുന്നതിനുള്ള സാധ്യതയും മരണനിരക്കും വാക്സിന് ഫലപ്രദമായി കുറയ്ക്കുന്നു.
* പ്രമേഹബാധിതര്‍ക്ക് കൊറോണ പിടിപെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക. ഇതു സംബന്ധിച്ച വിവരങ്ങളെല്ലാം ഡോക്ടറെ കഴിയുന്നത്ര വേഗത്തില്‍ അറിയിക്കുന്നത് ചികിത്സയ്ക്ക്് സഹായകമാകും.
വിവരങ്ങൾ: ഡോ. നിഖിൽ ടണ്ഠൻ
എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം വിഭാഗം മേധാവി,
ന്യൂഡൽഹി.
തയാറാക്കിയത്- സീമ മോഹന്‍ലാൽ