കോട്ടയം: കോവിഡ് വ്യാപനത്തോത് ആശങ്കാജനകമായി തുടരുന്ന സാഹചര്യവും കുരുക്കഴിയാത്ത സാന്പത്തിക പ്രതിസന്ധിയും ജനങ്ങളെ വലയ്ക്കുന്നു.
നിശ്ചിത വരുമാനക്കാർ ഒഴികെ കർഷകർ, തൊഴിലാളികൾ, ബിസിനസുകാർ, സെയിൽസ് ജീവനക്കാർ, ടാക്സി തൊഴിലാളികൾ തുടങ്ങി വലിയൊരു ജനവിഭാഗം ലോക്ഡൗണിൽ ജീവിതം വഴിമുട്ടിയവരാണ്.
തൊഴിലും വേതനവും നഷ്ടമായതിനൊപ്പം ഭക്ഷ്യസാധനങ്ങൾക്ക് പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റമാണ് ജനത്തെ വലയ്ക്കുന്നത്. കൂടാതെ രണ്ടു മാസത്തിനുള്ളിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് പത്തിൽ അധികം രൂപ വർധിച്ചു.
ഇന്ധനവിലക്കയറ്റത്തിന്റെ പേരിലാണ് അവശ്യസാധന വില ഇത്രയേറെ വർധിപ്പിക്കുന്നത്. നിർബന്ധിത യാത്ര ദിവസേന വേണ്ടിവരുന്ന ചെറിയ വരുമാനക്കാർക്ക് താങ്ങാനാവുന്നതല്ല ദിവസേനയുള്ള ഇന്ധന വിലക്കയറ്റം.
സർക്കാർ റേഷനും സൗജന്യഭക്ഷ്യക്കിറ്റും മാത്രമാണ് ഏറെപ്പേർക്കും ആശ്രയം. ഈ സാഹചര്യത്തിലും പഴം, പച്ചക്കറി, മത്സ്യം, മാസം എന്നിവയ്ക്കു വില കുത്തനെ ഉയരുകയും ചെയ്യുന്നു.
കാർഷികോത്പന്നങ്ങൾ വിറ്റഴിക്കാനാവാതെ വലയുന്ന കർഷകർ ഏറെയുണ്ട്. മഴക്കാലത്തിനു മുൻപ് സമയബന്ധിതമായി വിഭവങ്ങൾ വിളവെടുത്ത് വിൽക്കേണ്ടവർക്കാണ് ഏറ്റവും ആശങ്ക.
സ്ഥലം കരാറെടുത്തും ലോണെടുത്തും കപ്പ, വാഴ. പച്ചക്കറി കൃഷി നടത്തിയവർ വലിയ നഷ്ടത്തെയാണു മുന്നിൽ കാണുന്നത്. നാണ്യവിള വിൽപന മാർക്കറ്റുകൾ മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ മലഞ്ചരക്ക് വിറ്റഴിക്കാനുള്ള സാഹചര്യവുമില്ല.
പച്ചക്കറി, വാഴക്കുല, കപ്പ തുടങ്ങിയ ഉത്പന്നങ്ങൾ വിൽക്കാൻ വിലയും വിപണിയുമില്ലാത്തവർ ഏറെയാണ്.
കയർ, പായ, ഈറ്റ നെയ്ത്ത് തുടങ്ങിയ മേഖലയിൽ മാത്രം പതിനായിരക്കണക്കിനു തൊഴിലാളികൾ ജോലിയും വിൽപനയുമില്ലാതെ വലയുന്നു.
കക്ക തൊഴിലാളികൾക്കും കായൽ, പുഴ മത്സ്യ ബന്ധന- വിൽപന ജോലി ചെയ്യുന്നവർക്കും ജീവിതമാർഗം അനിശ്ചിതത്വത്തിലാണ്.
നിലവിലെ സാഹചര്യത്തിൽ ലോക്ഡൗണ്‍ നിയന്ത്രണം പൂർണമായി പിൻവലിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽനിന്ന് ഒരു മാസത്തെ നിന്ത്രണത്തിൽ 15 ശതമാനമായി കുറഞ്ഞിരുന്നു.
എന്നാൽ 15 ശതമാനത്തിൽനിന്ന് ജൂണ്‍ ആദ്യവാരം 10 ശതമാനമായി കുറയുമെന്ന കണക്കുകൂട്ടൽ പരാജയപ്പെട്ടു. ഇപ്പോഴത്തെ വ്യാപനത്തോത് തുടരുന്ന സാഹചര്യത്തിൽ രണ്ടാഴ്ച കൂടി നിയന്ത്രണം ഇതേ പരിധിയിൽ തുടർന്നാൽ മാത്രമേ അഞ്ച് ശതമാനത്തിൽ എത്തിക്കാനാകുയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.