തിരുവനന്തപുരം: ഡെൽറ്റാ വൈറസിനേക്കാൾ വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിർഭാവം മൂന്നാം തരംഗത്തിലുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
അതുകൊണ്ട് നിയന്ത്രണങ്ങൾ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം. മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുണ്ട്.
സമൂഹമെന്ന നിലയ്ക്ക് ഒന്നാകെ ജാഗ്രത പുലർത്തിയാൽ മൂന്നാം തരംഗത്തെ തടയാൻ സാധിക്കും. മൂന്നാമത്തെ തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ ആരോഗ്യമേഖലയിലെ വിദഗ്ധരിൽനിന്നും ഉണ്ടാകുന്നുണ്ട്.
അത്തരം ചർച്ചകളും പഠനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ഏറ്റവും മോശം സാഹചര്യത്തെ നേരിടാൻ ആവശ്യമായ തയാറെടുപ്പ് തന്നെയാണ് സർക്കാർ നടത്തുന്നത്.
മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ കുട്ടികളുടെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് പീഡിയാട്രിക് ഇന്റൻസീവ് കെയർ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നുണ്ട്.
മുതിർന്നവർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ കുട്ടികളിലെ ചികിത്സയ്ക്കുള്ള വിപുലീകരണവും നടത്തും.
മെഡിക്കൽ കോളജ് ആശുപത്രികളിൽ അധികമായി 10 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു സ്ഥാപിക്കുകയോ നിലവിലുള്ള പീഡിയാട്രിക് ഐസിയുവിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കുകയോ ചെയ്യും.
ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി തുടങ്ങിയവയിൽ ഹൈ ഡിപ്പന്റൻസി യൂണിറ്റ് സ്ഥാപിക്കും. അതല്ലെങ്കിൽ നിലവിലുള്ള പീഡിയാട്രിക് ഐസിയു/എച്ച്ഡിയുവിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കും.
തീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റാ വൈറസിനെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് തന്നെ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണം.
ഇരട്ട മാസ്ക്കുകൾ ധരിക്കാനും ചെറിയ കൂടിച്ചേരലുകൾ പോലും ഒഴിവാക്കാനും പൊതുസ്ഥലത്തെന്ന പോലെ വീടുകൾക്കകത്തും കരുതലുകൾ സ്വീകരിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.