ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ കേരളത്തിനു വൻ വീഴ്ചയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.
ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ മുൻനിര പോരാളികൾക്കു പോലും വാക്സിൻ ലഭ്യമാക്കുന്നതിൽ കേരളം വലിയ വീഴ്ച വരുത്തി.
മുൻനിര പോരാളികൾക്ക് ആദ്യഡോസ് വാക്സിൻ നൽകിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 22-ാം സ്ഥാനത്താണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് ഒരു ലക്ഷത്തിനുമേൽ ആക്ടീവ് കേസുള്ള ഏക സംസ്ഥാനമാണു കേരളം. 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് ആദ്യഡോസ് വാക്സിൻ നൽകിയതിന്റെ ദേശീയ ശരാശരി 21 ശതമാനത്തിൽ നിൽക്കുന്പോൾ കേരളത്തിൽ ഇത് 16 ശതമാനം മാത്രം.
ആദ്യഡോസ് വാക്സിൻ ലഭിച്ച മുന്നണി പോരാളികളുടെ ദേശീയ ശരാശരി 91% ആണ്. എന്നാൽ, കേരളത്തിൽ ഇത് 74% മാത്രമാണ്.
ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മുന്നണി പോരാളികളിൽ രണ്ടാം ഡോസ് നൽകിയതിന്റെ ദേശീയ ശരാശരി 83% ആണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത കക്ഷിനേതാക്കളുടെ യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ജൂലൈ 20ന് സംസ്ഥാനങ്ങളിൽനിന്നു ലഭിച്ച കോവിഡ് കണക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് റിപ്പോർട്ട്.
ആരോഗ്യ പ്രവർത്തകർക്ക് ദേശീയ ശരാശരിക്കൊപ്പം 91% പേർക്കും ആദ്യ ഡോസ് വാക്സിൻ ലഭ്യമാക്കിയ ഏക സംസ്ഥാനം ഒഡീഷ മാത്രമാണ്.
ജാർഖണ്ഡിൽ 90% പേർക്കും ലക്ഷദ്വീപ്, കർണാടക, ഗോവ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ 89 % പേർക്കും മുൻനിര പോരാളികൾക്ക് ആദ്യ ഡോസ് നൽകി. ഈ വിഭാഗത്തിൽ രണ്ടാം ഡോസ് നൽകിയ സംസ്ഥാനങ്ങളിൽ ഉത്തരാഖണ്ഡ് 83%വും, കർണാടകയും ഹരിയാനയും 81%വും ബിഹാർ 79%വും ആണ്. ഈ പട്ടികയിൽ തെലുങ്കാന (61%) പതിനാലാം സ്ഥാനത്താണ്. പട്ടികയിൽ കേരളം ഇടംപിടിക്കുക പോലും ചെയ്തിട്ടില്ല.
റിപ്പോർട്ടിലെ വിവരം അനുസരിച്ച് കേരളത്തിൽ 1,22,202 ആക്ടീവ് കേസുകളാണ് ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിൽ 99,709ഉം.
പതിനായിരത്തിൽ കൂടുതൽ ആക്ടീവ് കേസുകൾ ഉള്ള സംസ്ഥാനങ്ങൾ എട്ടെണ്ണമുണ്ട്. 28 സംസ്ഥാനങ്ങളിൽ ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരത്തിൽ താഴെയാണ്.
പത്തു ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ഏഴു ജില്ലകളാണ് കേരളത്തിലുള്ളത്. പത്തു ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള അഞ്ചു സംസ്ഥാനങ്ങളിലും കേരളമുണ്ട്.
കേരളത്തിനു നൽകിയ പത്തു ലക്ഷം ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യാഴാഴ്ച പറഞ്ഞിരുന്നു.
സെബി മാത്യു